Breaking News

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി നല്‍കാന്‍ നിര്‍ദ്ദേശം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. മഴയെ തുടര്‍ന്ന് പത്തനംതിട്ട, വയനാട്, കൊല്ലം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകള്‍ക്ക് അതത് കളക്ടര്‍മാര്‍ ഇതിനോടകം തന്നെ അവധി നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കുട്ടനാട്, കോട്ടയം താലൂക്കുകളിലെ തഹസീല്‍ദാര്‍മാരോട് ഇന്ന് രാത്രി മുഴുവന്‍ കണ്‍ട്രോള്‍ റൂമുകളില്‍ ഉണ്ടാവണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ജില്ലാ കളക്ടര്‍മാരെ ഏകോപിപ്പിക്കുന്നതിന് റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി. എന്ത് പ്രശ്നങ്ങളുണ്ടായാലും അത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനും നിര്‍ദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ എല്ലാ കളക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

റെയില്‍വേ ട്രാക്കില്‍ മഴ മൂലം ഗതാഗത തടസം റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കിലെടുത്ത് കോട്ടയം- തിരുവനന്തപുരം റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമെങ്കില്‍ റവന്യു ഉദ്യോഗസ്ഥരുടെ സഹായം തേടുകയും വേണമെന്ന് റവന്യൂ മന്ത്രി അഭ്യര്‍ത്ഥിച്ചു.

No comments