Breaking News

വിദ്യാർത്ഥികളുടെ ഒപ്പം നിന്ന് പോരാടിയ കെ.എസ്.യു വിന് ഇന്ന് 61 വയസ്സ്



1957- ലാണ്‌ കേരള സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ രൂപം കൊള്ളുന്നത്‌. ്‌.1957- ല്‍ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കര്‍ അധികാരത്തില്‍ വന്നത്‌ ഒരു വിഭാഗം ജനങ്ങള്‍ ആശങ്കയോടെയാണ്‌ വീക്ഷിച്ചത്‌ പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ ജനാധിപത്യ വിശ്വാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ അന്ന്‌ ഒരു പൊതുവേദിയുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട സംഘടനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്‍ഡിപ്പെന്റ്‌സ്‌ സ്റ്റുഡന്റ്‌ ഓര്‍ഗനൈസേഷനായിരുന്നു ( ഐ. എസ്‌. ഒ ) മലബാറില്‍ കുറച്ചെങ്കിലും വേരോട്ടമുണ്ടായിരുന്നത്‌. ആലപ്പുഴ ഭാഗത്ത്‌ എസ്‌. ഡി. കോളേജ്‌ കേന്ദ്രീകരിച്ച്‌ ഐ. എസ്‌. യു എന്ന സംഘടനയും ഉണ്ടായിരുന്നു.എം.കെ രവീന്ദ്രനായിരുന്നു ( പിന്നീട്‌ വയലാര്‍ രവി ) അതിന്റെ സെക്രട്ടറി. കോണ്‍ഗ്രസ്സ്‌ ആഭിമുഖ്യത്തില്‍ ഉള്ള സ്റ്റുഡന്റ്‌ കോണ്‍ഗ്രസ്സ്‌ അന്ന്‌ ഇല്ലായിരുന്നു.

1957-ല്‍ എറണാകുളം ലോകോളേജിലെ ഏതാനും വിദ്യാര്‍ത്ഥികളാണ്‌ കെ.എസ്‌.യു രൂപീകരണത്തിന്‌ നേത്യത്വം നല്‍കിയത്‌. എറണാകുളം ലോകോളേജിലെ എം.എ .സമദ്‌, ജോര്‍ജ്‌ തരകന്‍, എ.ഡി രാജന്‍, പി.ടി മാത്യു.തോമസ്‌ പുത്തൂര്‍, നാഗരാജന്‍, വൈക്കം ശ്രീനിവാസന്‍ തുടങ്ങിയവര്‍ സമദിന്റെ കൊല്ലത്തുളള വീട്ടില്‍ 1957 മെയ്‌ ആദ്യം ഒത്തു ചേര്‍ന്നു. തൃശ്ശൂരില്‍ നിന്നുളള പി.എ ആന്റണിയും ഉണ്ടായിരുന്നു. യോഗത്തില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ എന്നു പേരുളള ഒരു സംഘടന രൂപീകരിക്കാന്‍ ഏതാണ്ടു തീരുമാനിക്കുന്നത്‌ അന്നാണ്‌. ഈ വിവരം ആലപ്പുഴയിലെ ഐ.എന്‍.ടി.യു.സി നേതാവ്‌ കെ.സി ഈപ്പനാണ്‌ വയലാര്‍ രവിയോട്‌ പറഞ്ഞത്‌. അതിന്റെയടിസ്ഥാനത്തില്‍ മെയ്‌മാസം അവസാനം ആലപ്പുഴയില്‍ വെച്ച്‌ യോഗം ചേരാന്‍ തീരുമാനിച്ചു. ഈ യോഗത്തിലാണ്‌ കെ.എസ്‌.യു എന്ന സംഘടന ഔപചാരികമായി രൂപമെടുക്കുന്നത്‌ പ്രസിഡണ്ട്‌ ജോര്‍ജ്ജ്‌ തരകനും ജനറല്‍ സെക്രട്ടറിയായി വയലാര്‍ രവിയും ട്രഷററായി എ.എ സമദും പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായി എ.ഡി രാജനും തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്‌.യു വിന്റെ വളര്‍ച്ചയും തകര്‍ച്ചയും. വിദ്യാര്‍ത്ഥികളുടെ പൊതുകൂട്ടായ്‌മയായിരുന്നു കെ.എസ്‌.യു ലക്ഷ്യം വെച്ചത്‌. ഭാവിയിലേക്കുളള ഒരു വിദ്യാര്‍ത്ഥി മുന്നേറ്റം കെ.എസ്‌.യു സ്വപ്‌നം കണ്ടിരുന്നു. അന്ന്‌ ഫ്രാന്‍സിലുണ്ടായിരുന്ന നാഷണല്‍ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ (എന്‍.എസ്‌.യു) എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. കെ.എസ്‌.യുവിന്റെ മാതൃക ഈ സംഘടന അന്ന്‌ ഫ്രാന്‍സില്‍ വളരെ ശക്തമാണ്‌. കക്ഷിരാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും ഒരു സ്വതന്ത്രസംഘടന.

1958 ഫെബ്രുവരിയില്‍ കൊല്ലത്തുവെച്ചാണ്‌ കെ.എസ്‌.യു വിന്റെ ആദ്യസമ്മേളനം ചേരുന്നത്‌. കേന്ദ്രമന്ത്രി എ. എം. തോമസായിരുന്നു ഉദ്‌ഘാടകന്‍. ആര്‍ ശങ്കറടക്കമുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കളും പങ്കെടുത്തു. കൊട്ടാര ഗോപാലകൃഷ്‌ണന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ആ സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട്‌ നിന്നുള്ള എന്‍. പി. മൊയ്‌തീന്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

1958-ല്‍ ഒരണ സമരം ആലപ്പുഴയിലാണ്‌ തുടങ്ങിയതെങ്കിലും അതിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ എറണാകുളത്തും സജീവമായിരുന്നു. വളരെയൊന്നും കേന്ദ്രീകൃത ആസൂത്രണമോ ഇല്ലായിരുന്നുവെങ്കിലും ആ സമരം കേരളത്തിന്റെ പല ഭാഗങ്ങളിലും പടര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ബോട്ട്‌ ചാര്‍ജ്ജ്‌ ഒരണ ആയി കുറവു ചെയ്‌തതിനു ശേഷമാണ്‌ സമരം പിന്‍വലിച്ചത്‌.

1959-ല്‍ എറണാകുളത്തുവെച്ചാണ്‌ രണ്ടാം സംസ്ഥാനസമ്മേളനം നടന്നത്‌. തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജില്‍ വെച്ച്‌ പ്രതിനിധി സമ്മേളനവും പിന്നീട്‌ രാജേന്ദ്ര മൈതാനിയില്‍ പൊതുസമ്മേളനവും നടന്നു. ആര്‍. വെങ്കിട്ടരാമനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അതില്‍ തീരുമാനിച്ച പ്രകാരമാണ്‌ 1959 മെയ്‌ മാസത്തില്‍ *കുറവിലങ്ങാട്* വെച്ച്‌ സംസ്ഥാന ക്യാമ്പ്‌ നടത്തിയത്‌. സെന്റ്‌മേരീസ്‌ ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പ്‌ ഒരാഴ്‌ച നീണ്ടു നിന്നു. പെണ്‍കുട്ടികള്‍ അടക്കം 200-ഓളം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയവും പങ്കെടുത്തു. വിമോചന സമരത്തില്‍ കെ.എസ്‌.യു പങ്കാളിയായി. 1960-ല്‍ ജോര്‍ജ്ജ്‌ തരകന്‍ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം ഒഴിയുകയും എ. സി. ജോസ്‌ പ്രസിഡന്റാവുകയും ചെയ്‌തു. ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മ്മാര്‍ കാര്യമായൊന്നും സഹായിച്ചിരുന്നില്ല. ആദ്യകാലങ്ങളില്‍ കെ.എസ്‌.യു കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കളെ ഇടപെടാന്‍ അനുവദിച്ചിരുന്നില്ല.

1956-ലെ മെല്‍ബണ്‍ ഒളിംമ്പിക്‌സിന്റെ ഭാഗ്യമുദ്രയായിരുന്നു ഏഴു വളയങ്ങള്‍ ഉള്ള ദീപശിഖ. കെ.എസ്‌.യു ഏഴു വളയങ്ങള്‍ എടുത്തു മാറ്റി ദീപശിഖ കെ.എസ്‌.യു വിന്റെ ഔദ്യോഗിക ചിഹ്നമാക്കി. കെ.എസ്‌.യു വിന്റെ ഇളം നീല നിറത്തിലുള്ള പതാക ചെയ്‌തത്‌ അക്കാലത്തെ പ്രശസ്‌തനായ സിനി ആര്‍ട്‌ നാരായണനാണ്‌.



No comments