പറക്കാനൊരുങ്ങിയ വിമാനത്തിന്റെ എൻജിൻ ഓയിൽ ചോർന്നു !
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറക്കാനൊരുങ്ങിയ വിമാനത്തിൽനിന്ന് എൻജിൻ ഓയിൽ ചോർന്നത് ഭീതി പരത്തി. എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ ഐ.എക്സ് 374 തിരുവനന്തപുരം -കോഴിക്കോട് -ദോഹ വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. 164 യാത്രക്കാരുമായി പറക്കാനായി റൺവേയിലേക്ക് കയറുമ്പോഴാണ് വിമാനത്തിൽ എൻജിൻ ഓയിൽ ചോരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. മർദമാപിനികളിൽ നിന്ന് സംഭവം മനസ്സിലാക്കിയ പൈലറ്റ് വിവരം എയർ ട്രാഫിക്ക് വിഭാഗത്തിനു കൈമാറി വിമാനം തിരിച്ചുവിളിക്കുകയായിരുന്നു. ഏപ്രണിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗുരുതരമായ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കുകയും സർവീസ് റദ്ദാക്കുകയുമായിരുന്നു. വിമാനം പറന്നുയർന്നിരുന്നെങ്കിൽ വൻ അപകടത്തിനു സാധ്യത ഉണ്ടാകുമായിരുന്നു. യാത്രക്കാരെ തുടർന്ന് ഹോട്ടലുകളിലേക്ക് മാറ്റി. ഇവരെ രാത്രി വൈകി മറ്റൊരു വിമാനത്തിൽ കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.അതേസമയം സ്പൈസ് ജറ്റിന്റെ ബെംഗളൂരു സർവീസും ഞായറാഴ്ച റദ്ദായി. ചെന്നൈയിൽ നിന്ന് എത്തുന്ന വിമാനമാണ് ബെംഗളൂരു സർവീസ് നടത്തുന്നത്. ചെന്നൈവിമാനം കോഴിക്കോട്ടെത്തിയെങ്കിലും യന്ത്രത്തകരാറിനെത്തുടർന്ന് കോഴിക്കോട് കുടുങ്ങി. യാത്രക്കാരെ മറ്റ് സർവീസുകളിൽ അയച്ചു. തകരാർ തീർത്ത വിമാനം വൈകീട്ട് ചെന്നൈയ്ക്ക് തിരിച്ചുപോയി.
No comments