അർജന്റീനക്ക് ഇന്ന് അഗ്നി പരീക്ഷണം.. പുറത്തേക്കുള്ള വഴി വിശാലം..
സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: ലയണല്‍ മെസിയുടെ മാന്ത്രികക്കാലുകള്‍ അര്‍ജന്റീനയെ മുന്നോട്ടുനയിക്കുമോ? ലോകകപ്പില്‍ അര്‍ജന്റീനയുടെയും ഭാവി ഇന്നറിയാം. പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് തേടി അര്‍ജന്റീനയും സൂപ്പര്‍ ഈഗിള്‍സും ഇന്ന് കളത്തിലിറങ്ങും.
കണക്കിലെ കളികളിലും ലയണല്‍ മെസിയുടെ മാജികിലും പ്രതീക്ഷയര്‍പ്പിച്ചാണ് അര്‍ജന്റീന നൈജീരിയക്കെതിരെ ബൂട്ട് കെട്ടുന്നത്. മരണഗ്രൂപ്പായി മാറിയ ഡി ഗ്രൂപ്പില്‍ നിന്നും രണ്ട് വിജയവുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയിക്കുന്നതിനൊപ്പം ക്രൊയേഷ്യക്കെതിരെ ഐസ്‌ലന്‍ഡ് വിജയിക്കാതിരിക്കുകയും വേണം. മൂന്ന് പോയിന്റുള്ള നൈജീരിയക്കും ജയം നേടിയാല്‍ മാത്രമേ കണക്കിന്റെ സഹായമില്ലാതെ രണ്ടാം റൗണ്ടിലേക്ക് മുന്നേറാനാകൂ. അതേസമയം സമനിലയായാല്‍ നൈജീരിയക്ക് ഐസ്‌ലന്‍ഡിന്റെ മത്സരഫലം കൂടി ആശ്രയിക്കേണ്ടിവരും.
ലോക കപ്പില്‍ ഇത് അഞ്ചാംതവണയാണ് നൈജീരിയയും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ നാല് തവണയും ആഫ്രിക്കക്കാരെ ലാറ്റിനമേരിക്ക കീഴടക്കുകയായിരുന്നു. എന്നാല്‍ എല്ലാതവണയും മികച്ച പോരാട്ടം കാഴ്ചവച്ചതിന് ശേഷമാണ് നൈജീരിയ വീണിട്ടുള്ളത്. ഇതുവരെയേറ്റ പരാജയങ്ങള്‍ക്ക് അര്‍ജന്റീന എക്കാലവും ഓര്‍മ്മിക്കുന്ന തരത്തില്‍ ഒരു പ്രതികാരം ചെയ്യാനാണ് നൈജീരിയയുടെ ലക്ഷ്യം.
ആഫ്രിക്കയുടെ യശസ്സ് ഉയര്‍ത്തുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാനാണ് നൈജീരിയയുടെ ശ്രമമെന്ന് സ്‌ട്രൈക്കര്‍ ഒഡിയോന്‍ ഇഗാളോ പറഞ്ഞു. ആഫ്രിക്കന്‍ ടീമുകളില്‍ സെനഗല്‍, നൈജീരിയ എന്നിവര്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവര്‍ ഇതിനോടകം പുറത്തായി. സെനഗലിന് ജപ്പാനെതിരെ സമനില പാലിക്കേണ്ടിവന്നതിനാല്‍ അവസാനമത്സരം നിര്‍ണായകമായി മാറി.
അര്‍ജന്റീനയുടെ കഴിഞ്ഞ രണ്ട് മത്സരത്തിലും മെസിയുടെ നിഴല്‍ പോലുമുണ്ടായിരുന്നില്ല. മധ്യനിരയും പ്രതിരോധവും പൂര്‍ണ്ണമായി പരാജയപ്പെട്ടു. മെസിയുടെ നീക്കങ്ങള്‍ തടയാന്‍ എതിരാളികള്‍ നല്‍കുന്ന ശ്രദ്ധ മുതലെടുത്ത് കളി മുന്നോട്ടുകൊണ്ടുപോകാന്‍ തക്ക കഴിവ് കാട്ടാന്‍ മധ്യനിരയില്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതിലായിരുന്നു അര്‍ജന്റീനയുടെ പരാജയം. എന്‍സോ പെരസ് ഉള്‍പ്പെടെയുള്ളവര്‍ പന്ത് അടിച്ചുകളയുന്നതിലായിരുന്നു ശ്രദ്ധിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്നായി 12 ഷോട്ടുകള്‍ പായിച്ച മെസിക്ക് ഇതുവരെ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇടംനേടാനായിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം ഗോണ്‍സാലോ ഹിഗ്വെയിന്‍ മുന്നേറ്റനിരയിലെത്തുമെന്നാണ് സൂചന. ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ഗോള്‍ നേടിയ അഗ്യൂറോയ്ക്ക് പക്ഷേ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. ഒപ്പം കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ മാര്‍ക്കസ് അക്യൂന, എന്‍സോ പെരസ് എന്നിവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏഞ്ചല്‍ ഡി മരിയയും, എവര്‍ ബനേഗയുമാകും പകരക്കാരായെത്തുക.ക്രൊയേഷ്യയ്‌ക്കെതിരെ വമ്പന്‍ പിഴവ് വരുത്തിയ ഗോള്‍കീപ്പര്‍ വില്ലി കബല്ലറോയ്ക്കും സ്ഥാനമുണ്ടായേക്കില്ല. അങ്ങനെയെങ്കില്‍ മുപ്പത്തിയൊന്നുകാരനായ ഫ്രാങ്കോ അര്‍മാനിയാകും വല കാക്കാനെത്തുക.
അതേ സമയം ഐസ്‌ലന്‍ഡിനെതിരെ രണ്ടാം പകുതിയിലെ നൈജീരിയയുടെ പ്രകടനം അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പാണ്. കഴിഞ്ഞ മത്സരത്തിലെ ഇരട്ടഗോള്‍ നേട്ടത്തോടെ അഹമ്മദ് മൂസ നാല് ഗോളു കളുമായി ലോകക പ്പിലെ നൈജീരിയയുടെ ടോപ്‌സ്‌കോറര്‍ സ്ഥാന ത്തെത്തിയിട്ടുണ്ട്.
ഇന്നത്തെ കളികള്‍
ഡെന്മാര്‍ക്ക്-ഫ്രാന്‍സ്
(രാത്രി 7.30)
ഓസ്‌ട്രേലിയ-പെറു
(രാത്രി 7.30)
അര്‍ജന്റീന-നൈജീരിയ
(രാത്രി 11.30)
ഐസ്‌ലന്‍ഡ്-ക്രൊയേഷ്യ
(രാത്രി 11.30)
No comments