മിശിഹായുടെ ബൂട്ട് ചലിച്ചു.. ഒടുവിൽ കടൽ നീന്തിക്കടന്ന് അർജന്റീന..
റഷ്യയിലെ അര്‍ജന്റീനയുടെ പോരാട്ടം അവസാനിക്കുന്നില്ല. ആവേശ പോരില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അവസാന പതിനാറിലേക്ക് മെസിയും സംഘവും എത്തി.
ആദ്യ പകുതിയുടെ പതിനാലാം മിനിറ്റില്‍ ഗോള്‍ വല ചലിപ്പിച്ച് ഇത് ആദ്യ രണ്ട് കളിയില്‍ കണ്ട അര്‍ജന്റീന അല്ല എന്ന് മെസി വ്യക്തമാക്കിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനാല്‍റ്റിയിലൂടെ നൈജീരിയ മുന്നിലെത്തി അര്‍ജന്റീനിയയ്ക്ക് ആശങ്കയുടെ നിമിഷങ്ങള്‍ ആഫ്രിക്കന്‍ രാജ്യം സമ്മാനിച്ചെങ്കിലും ഡിഫന്ററുടെ കാലുകളില്‍ നിന്നും പിറന്ന ഗോളിലൂടെ അര്‍ജന്റീന റഷ്യയില്‍ പറന്നുയരുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഒന്നാം പകുതി അവസാനിക്കുമ്പോള്‍ നൈജീരിയയ്‌ക്കെതിരെ മെസിയുടെ ഗോള്‍ ബലത്തില്‍ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു അര്‍ജന്റീന. പതിനാലാം മിനിറ്റില്‍ ബനേഗയുടെ പാസില്‍ നിന്നായിരുന്നു മെസിയുടെ വലംകാല്‍ ഗോള്‍ വല ചലിപ്പിച്ചത്.
മെസിയും ഹിഗ്വിനും ബോക്‌സിനുള്ളിലേക്ക് മുന്നേറിയപ്പോള്‍ അവരുടെ കാലുകളിലേക്ക് പന്തെത്തിക്കാന്‍ മധ്യനിരയില്‍ മരിയയും ബനേഗയും മഷെറെനോയും മികച്ച കളി പുറത്തെടുത്തതോടെ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീനയെ ആയിരുന്നു ആദ്യ പകുതിയില്‍ കണ്ടത്.
No comments