കോഴിക്കോട്ട് പെണ്ണുങ്ങളുടെ മാള്‍ വരുന്നു
അടുത്ത ഓണം മുതൽ കോഴിക്കോടിന്റെ മണ്ണില്‍ പുതിയൊരു ഷോപ്പിംഗ് മാള്‍ കൂടെ വരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ മാളിന്റെ സംഘാടകരും പ്രവര്‍ത്തകരുമെല്ലാം സ്ത്രീകളാണ്. 'മഹിളാ മാള്‍'-അതാണ് ഈ മാളിന്റെ പേര്. വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള നൂറില്‍പ്പരം സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത ഉറപ്പു വരുത്താനൊരു തൊഴില്‍ നല്‍കുന്നതാണ് ഈ പദ്ധതി. നൂറ് ശതമാനവും സ്ത്രീകള്‍ സംഘാടകരും തൊഴിലാളികളുമായൊരു തൊഴിലിടം. കുടുംബശ്രീയുടെ അടിത്തറ മെച്ചപ്പെടുത്തി വിപണി വിപുലമാക്കുകയും പരമാവധി സ്ത്രീകള്‍ക്ക് ജോലി നല്‍കുകയും ചെയ്യുക എന്നതു തന്നെയാണ് ലക്ഷ്യം.
വയനാട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് സമീപം 36,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ മാള്‍ വരുന്നത്. തുടക്കത്തില്‍ അഞ്ചു നിലകളിലായി 60 സ്റ്റാളുകള്‍. ഇതില്‍ ഒരു നില ഭക്ഷണത്തിനുള്ളതാണ്. ബ്യൂട്ടിപാര്‍ലര്‍, ബൊട്ടീക്ക്, ജ്വല്ലറി, ഫാന്‍സി, സ്ത്രീകളുടെ സഹകരണ ബാങ്കായ വനിതാ സൊസൈറ്റി തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടായിരിക്കും. ആദ്യ പരിഗണന കുടുംബശ്രീ സംരംഭങ്ങള്‍ക്കായിരിക്കുമെന്ന് കുടുംബശ്രീ ഐടി യൂണിറ്റ് ഗ്രൂപ്പ് ലീഡറും മഹിളാ മാള്‍ പ്രോജക്റ്റിന്റെ സെക്രട്ടറിയുമായ വിജയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
എങ്കിലും മറ്റു സ്വകാര്യ സംരംഭങ്ങളും വരും. മറ്റു സ്ഥാപനങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ സ്റ്റാളുകള്‍ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. കുടുംബശ്രീ മുഖാന്തരം ട്രെയിനിംഗ് കഴിഞ്ഞ അംഗങ്ങള്‍ക്ക് ഓരോ വിഭാഗത്തിന്‍റെയും ചുമതല വേര്‍തിരിച്ചു നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ കോഴിക്കോട് ജില്ലയിലെ ഐടി യൂണിറ്റാണ് മാളിന്റെ നടത്തിപ്പുകാര്‍. പത്തു പേരടങ്ങുന്ന കമ്മറ്റി അംഗങ്ങളാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നേരിട്ടും അല്ലാതെയും നൂറില്‍പരം സ്ത്രീകള്‍ക്ക് മഹിളാ മാള്‍ ജോലി നല്‍കുമെന്നും പ്രോജക്റ്റ് സെക്രട്ടറി വിജയ പറഞ്ഞു. മാളിന്റെ നിര്‍മാണത്തിനായുള്ള തുക വായ്പയെടുത്തതും ബാക്കി തുക കുടുംബശ്രീ ഫണ്ടില്‍ നിന്നും കണ്ടെത്തിയതുമാണ്.
പദ്ധതി വിജയിക്കുന്ന പക്ഷം കുടുംബശ്രീക്ക് വലിയ ലാഭം നല്‍കാന്‍ മഹിളാ മാളിന് സാധിക്കും. കുടുംബശ്രീ വിജയം കണ്ട സംരംഭങ്ങളെല്ലാം മാളില്‍ ലഭ്യമാകുമെന്നും, ജനങ്ങളിലെത്താതിരുന്ന സംരംഭങ്ങള്‍ക്ക് ഇതുവഴി വിജയം കണ്ടെത്തുമെന്നും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
No comments