Breaking News

നെയ്മര്‍ വന്നു, ഗോളടിച്ചു, ക്രൊയേഷ്യയെ വീഴ്ത്തി കാനറിക്കൂട്ടം




പകരക്കാരനായിട്ടാണ് വന്നതെങ്കിലും സൂപ്പര്‍ താരം നെയ്മര്‍ മോശമാക്കിയില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത 2 ഗോളിന് കീഴടക്കി ബ്രസീല്‍ റഷ്യയിലേക്കുള്ള യാത്രയ്ക്ക് ശുഭാരംഭം കുറിച്ചു. ആന്‍ഫീല്‍ഡില്‍ കളിയുടെ ആറുപത്തൊമ്പതാം മിനിറ്റിലാണ് നെയ്മറിന്റെ ആദ്യ ഗോള്‍. ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ഫെര്‍മീനോ രണ്ടാം ഗോളും നേടി.

പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണ മുക്തനല്ലാത്ത നെയ്മറെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ടിറ്റെ ആദ്യ ഇലവനെ ഇറക്കിയത്. ഗബ്രിയേല്‍ ജീസസും ഫിലിപ്പെ കുട്ടീനോയും തിയാഗോ സില്‍വയുമെല്ലാം ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചു. 4-3-3 ശൈലിയില്‍ ഇറങ്ങിയ ബ്രസീല്‍ പടയ്ക്കു മറുപടിയുമായി ഒരു സ്‌ട്രൈക്കറെ മാത്രം അണിനിരത്തിയാണ് ക്രൊയേഷ്യ കളിച്ചത്.

മികച്ച കളി നിമിഷങ്ങളേക്കാള്‍ അപകടകരമായ ഫൗളുകള്‍ക്കാണ് ആദ്യ 45 മിനിറ്റ് ആന്‍ഫീല്‍ഡ് സാക്ഷ്യം വഹിച്ചത്. മൂന്നു മഞ്ഞക്കാര്‍ഡുകളാണ് ആദ്യ പകുതിയില്‍ റഫറി പുറത്തെടുത്തത്. ചില ചെറിയ ചാന്‍സുകള്‍ സൃഷ്ടിച്ചെന്നത് ഒഴിച്ചാല്‍ വലിയ നിമിഷങ്ങള്‍ ആദ്യ പകുതിയില്‍ ഇല്ലായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സൂപ്പര്‍ താരം നെയ്മര്‍ കളത്തിലെത്തി. ഫെര്‍മന്റീനോയ്ക്ക് പകരക്കാരനായിട്ടായിരുന്നു നെയ്മറിന്റെ വരവ്. അതുവരെ ലക്ഷ്യം കാണാതെ ഉഴറിയ ബ്രസീലിന് നെയ്മറിന്റെ വരവ് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.

അറുപത്തൊമ്പതാം മിനിറ്റില്‍ മഞ്ഞപ്പട കാത്തിരുന്ന നിമിഷം വന്നെത്തി. സൂപ്പര്‍ താരം നെയ്മറിന്റെ ബൂട്ടില്‍ നിന്ന് ഗോള്‍. വില്യന്‍ കുട്ടീനോയ്ക്ക് നല്കിയ പാസില്‍ നിന്നാണ് നെയ്മറിന്റെ ഗോള്‍ പിറന്നത്. ഒരു ഗോള്‍ വീണതോടെ ബ്രസീല്‍ ആവേശത്തിലായി. പിന്നീട് ചില നല്ല മുന്നേറ്റങ്ങളും ലാറ്റിനമേരിക്കന്‍ ടീമില്‍ നിന്ന് കാണാനായി.

No comments