Breaking News

ലോകം കാത്തിരുന്ന സൂപ്പര്‍ പോരാട്ടം ഇന്ന്‌ പോര്‍ചുഗല്‍ - സ്‌പെയിന്‍



ഫുട്‌ബോള്‍ ലോകകപ്പിലെ കാത്തിരുന്ന പോരാട്ടങ്ങളിലൊന്ന്‌ ഇന്നു കാണാം. അയല്‍ക്കാരും യൂറോ ചാമ്പ്യന്‍ പോര്‍ചുഗലും മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിനും തമ്മില്‍ നടക്കുന്ന മത്സരം ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെ നിശ്‌ചയിക്കും. മൊറാക്കോയും ഇറാനുമാണു ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍. കിക്കോഫിനു മുമ്പ്‌ കോച്ചിനെ പുറത്താക്കിയ നടുക്കത്തിലാണു സ്‌പാനിഷ്‌ താരങ്ങള്‍.
കോച്ച്‌ യൂലന്‍ ലോപെടെയുഗിയെ പുറത്താക്കിയ നടപടി കളിക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയിട്ടില്ലെന്ന്‌ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ ലൂയിസ്‌ റൂബിയാസ്‌ വ്യക്‌തമാക്കിയിരുന്നു.
പുതിയ കോച്ച്‌ ഫെര്‍ണാണ്ടോ ഹെയ്‌റോയുടെ കീഴില്‍ എങ്ങനെയായിരിക്കുമെന്ന ആശങ്ക സ്‌പാനിഷ്‌ ആരാധകരില്‍ നിഴലിക്കുന്നുണ്ട്‌. റയാല്‍ മാഡ്രിഡിലെ കളിക്കൂട്ടുകാരായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും എതിര്‍ചേരിയില്‍ കളിക്കുന്ന കാഴ്‌ചയും ഇന്നു കാണാം.
ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ആന്ദ്രെ ഇനിയെസ്‌റ്റയും പരസ്‌പരം പോരടിക്കുന്ന മത്സരത്തില്‍ പ്രവചനം അസാധ്യമാണ്‌. ഇന്നത്തെ വിജയിക്കു ബി ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളില്‍ സമ്മര്‍ദമില്ലാതെ കളിക്കാനുമാകും.
കണക്കുകളിലൂടെ പോയാല്‍ സ്‌പെയിനാണു മുന്‍തൂക്കം. പോര്‍ചുഗലിനെതിരേ ഇതുവരെ നടന്ന 36 കളികളില്‍ ആറില്‍ മാത്രാമാണു സ്‌പെയിന്‍ തോറ്റത്‌. 2012 യൂറോ സെമി ഫൈനലിലാണ്‌ ഇരുവരും അവസാനം എതിരിട്ടത്‌. ഡോണെറ്റ്‌സ്കിലെ ഡോണ്‍ബാസ്‌ അരീനയില്‍ ഷൂട്ടൗട്ട്‌ വരെ നീണ്ട മത്സരം സ്‌പെയിന്‍ സ്വന്തമാക്കി.
2016 യൂറോയ്‌ക്കു ശേഷം നടന്ന 25 മത്സരങ്ങളില്‍ ഒരു തവണയാണു പോര്‍ചുഗല്‍ മുഴുവന്‍ സമയത്തു തോറ്റത്‌.
തുടര്‍ച്ചയായി 20 മത്സരങ്ങളില്‍ തോല്‍ക്കാതെനിന്ന ക്രെഡിറ്റുമായാണു സ്‌പെയിന്‍കാര്‍ കളത്തിലിറങ്ങുന്നത്‌. പോര്‍ചുഗല്‍ കഴിഞ്ഞ ഒന്‍പത്‌ മത്സരങ്ങളില്‍ ജയമറിഞ്ഞു. അതേ സമയം സ്‌പെയിന്‍ എട്ടു മത്സരങ്ങളിലാണു ജയിച്ചത്‌. ആറു മത്സരങ്ങളില്‍ സ്‌പാനിഷ്‌ പ്രതിരോധം ഗോള്‍ വഴങ്ങിയില്ല. പോര്‍ചുഗലിന്‌ പക്ഷേ അഞ്ചു മത്സരങ്ങളില്‍ മാത്രമാണു ക്ലീന്‍ ഷീറ്റ്‌ നേടിയത്‌.
പോര്‍ചുഗല്‍ കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസിനെ കളിക്കാരുടെ പരുക്കോ സസ്‌പെന്‍ഷനോ അലട്ടുന്നില്ല. റൂയി പാട്രീഷ്യോ ഗോള്‍ വലയം കാക്കാനെത്തും. പെപെയ്‌ക്കു കൂട്ടായി പ്രതിരോധത്തില്‍ ബ്രൂണോ ആല്‍വ്‌സ്, ഹൊസെ ഫോണ്ടെ, റൂബന്‍ ഡയാസ്‌ എന്നിവരില്‍ ആരിറങ്ങുമെന്നതു സസ്‌പെന്‍സ്‌. 4-4-2 ഫോര്‍മേഷനില്‍ ക്രിസ്‌റ്റ്യാനോയും ബെര്‍നാഡോ സില്‍വയും മുന്‍നിരയില്‍ കളിക്കുമ്പോള്‍ സഹായിക്കാന്‍ റിക്കാഡോ ക്വാരിസ്‌മ, മാരിയോ, ഡാനി കാര്‍വാലോ, സില്‍വ എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കും. ഗുരേരോ, ആല്‍വ്‌സ്, പെപെ, സോറസ്‌ എന്നിവര്‍ പാട്രീഷ്യോക്കു മുന്നില്‍ പ്രതിരോധമാകും.
സാന്റോസിനു കീഴില്‍ പോര്‍ചുഗല്‍ 29 കളികളിലായി രണ്ടു തോല്‍വി മാത്രമാണു വഴങ്ങിയത്‌. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട്‌ 2-0 ത്തിനും തോറ്റു. തുടര്‍ന്നു നടന്ന ഒന്‍പത്‌ മത്സരങ്ങളും അവര്‍ ജയിച്ചു. 10 യോഗ്യതാ മത്സരങ്ങളില്‍ ആകെ 32 ഗോളകളടിച്ചു.
4-3-3 ഫോര്‍മേഷനില്‍ മൂന്ന്‌ സ്‌ട്രൈക്കര്‍മാരെയാണ്‌ സ്‌പെയിന്‍ അണിനിരത്താന്‍ ഉദ്ദേശിക്കുന്നത്‌. ഇസ്‌കോ, ഡീഗോ കോസ്‌റ്റ, ഇഗായോ അസ്‌പാസ്‌ എന്നിവരെയാകും മുന്നില്‍ നിര്‍ത്തുക. കോകെ, തിയാഗോ അല്‍കാന്ത്ര എന്നിവര്‍ സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, ഇനിയെസ്‌റ്റ എന്നിവര്‍ക്കൊപ്പം കളിക്കാമെന്ന പ്രതീക്ഷയിലാണ്‌.
ഫെര്‍ണാണ്ടോ ഹെയ്‌റോയുടെ പരിചയക്കുറവ്‌ തിരിച്ചടിയാകുമെന്ന ഭയവും സ്‌പെയിനുണ്ട്‌. സ്‌പാനിഷ്‌ താരമായിരുന്ന ഹെയ്‌റോ ഒരു സീസണില്‍ ഒവിഡോയുടെ കോച്ചായിരുന്നതു മാത്രമാണ്‌ എടുത്തു കാണിക്കാനുള്ളത്‌. ഡാനി കാര്‍വാജലിന്റെ പരുക്കാണു മറ്റൊരു തിരിച്ചടി. ലിവര്‍പൂളിനെതിരേ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലിനിടെയാണ്‌ അദ്ദേഹത്തിനു പരുക്കേറ്റത്‌.

No comments