Breaking News

കേരളം ലജ്ജിക്കുന്നു... നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ് !




കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ് ബിറ്റോ. ഭാര്യ നാലാമതും ഗർഭം ധരിച്ചപ്പോൾ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാന ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോയുടെ മൊഴി. എന്നാൽ, ബിറ്റോയുടെ വാദം പോലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. എട്ട്, ആറ്, മൂന്ന് വയസുകളിലുള്ള മൂന്ന് ആൺകുട്ടികളാണ് ബിറ്റോയ്ക്കുള്ളത്. നാലാമതായി പിറന്ന പെൺകുട്ടിയെയാണ് ഇടപ്പള്ളിയിൽ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയ്ക്ക് പിറന്ന കുഞ്ഞിനെ അന്നു രാത്രിതന്നെ കൊച്ചിയിലെത്തി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പേരു വെട്ടാതെയാണ് ഇവർ കടന്നതെന്നും പോലീസ് പറഞ്ഞു. ഇളമക്കര പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിനുശേഷമേ ബിറ്റോയുടെ വാദങ്ങൾ എത്രമാത്രം ശരിയാണെന്ന് പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചത് ബിറ്റോയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി.ഷംസ് പറഞ്ഞു. ഇന്ന് രാവിലെ വടക്കാഞ്ചേരിയിലുള്ള വീട്ടിലെത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രസവം മൂലമുള്ള അവശതകൾ ഉള്ളതിനാൽ ബിറ്റോയുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവരെ പോലീസ് സ്റ്റേഷനിൽ ഹാജരക്കാൻ ബന്ധുക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേഷനിൽ എത്തിയാൽ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ബിറ്റോയും ഭാര്യയും കൈക്കുഞ്ഞുമായി ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ എത്തിയത്. ആൺകുട്ടികളിൽ ഒരാളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവർ ഒന്നിച്ച് പള്ളിയിൽ എത്തുന്നതിന്റെയും പിന്നീട് ബിറ്റോ ആളൊഴിഞ്ഞ പാരിഷ് ഹാളിൽ കുഞ്ഞിനെ കിടത്തി കടക്കുന്നതിന്റെയും ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളെ തിരിച്ചറിയുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചശേഷം ബിറ്റോയും കുടുംബവും രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ കണ്ട ബിറ്റോയെ അറിയാവുന്ന ഒരാൾ ഇവർ ആരെന്ന് പോലീസിനെ അറിയിച്ചു. ഇതേത്തുടർന്ന് എളമക്കര സ്റ്റേഷനിൽ നിന്നുള്ള സംഘം ഇന്ന് രാവിലെ വടക്കാഞ്ചേരിയിലെ വീട്ടിലെത്തി ബിറ്റോയെ അറസ്റ്റു ചെയ്യുകയായിരുന്നു.


      

No comments