Breaking News

കുമ്മനത്തെ ഗവർണർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പട്ട് മിസോറാമിൽ പ്രതിഷേധം


 കുമ്മനം രാജശേഖരൻ ഗവർണറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമിൽ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാർട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ (പീപ്പിൾസ് റെപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഗവർണർ നിയമനത്തിനെതിരെ സംഘടിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവസംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും എൻജിഒ യൂണിയനുകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം. പുതുതായി സ്ഥാനമേറ്റ ഗവർണർ കുമ്മനം രാജശേഖരൻ ആർഎസ്എസ്,വിശ്വഹിന്ദു പരിഷത്ത്,ഹിന്ദു ഐക്യവേദി എന്നിവയുടെ സജീവപ്രവർത്തകനാണ്. ക്രിസ്ത്യൻ മിഷനറിമാർക്കും ക്രൈസ്തവപ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളുമാണ്. 1983ൽ നിലയ്ക്കലിൽ നടന്ന ഹിന്ദു-ക്രൈസ്തവ സഘർഷത്തിൽ കുമ്മനം നേരിട്ടിടപെട്ടിരുന്നു.കേരളത്തിൽ വച്ച് ക്രിസ്ത്യൻ മിഷനറിയായ ജോസഫ് കൂപ്പർ ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനാണ് കുമ്മനം. 2003ൽ 50 ക്രിസ്ത്യൻ മിഷനറിമാരെ കേരളത്തിൽ നിന്ന് പുറത്താക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു.; പ്രിസം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 2015ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഇരുനൂറാം വാർഷികാഘോഷപരിപാടിയിൽ സുവിശേഷപ്രസംഗം നടത്തിയതിന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവർണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം കുറ്റപ്പെടുത്തുന്നു. തങ്ങളുടേത് ക്രൈസ്തവവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആർഎസ്എസ് പ്രവർത്തകനെ ഗവർണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്. ഈ വർഷം അവസാനം മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്നിൽക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചതിനു പിന്നിലെന്നും പ്രിസം ആരോപിക്കുന്നു.


No comments