വ്യായാമ ത്തിനു ശേഷം ഈ 5 കാര്യങ്ങൾ ഒഴിവാക്കണം
വ്യായാമത്തിനു ശേഷം നിങ്ങൾ ചെയ്യരുതാത്ത നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, വ്യായാമമെല്ലാം കഴിഞ്ഞ് എവിടെയെങ്കിലും ചടഞ്ഞുകൂടിയിരുന്ന് ടിവികാണാമെന്ന് കരുതിയാൽ അതും നിഷിദ്ധമായ കാര്യങ്ങളുടെ പട്ടികയിൽ പെടും! ജിമ്മിൽ ഒരു മണിക്കൂർ സമയം ചെലവിട്ടശേഷം അതിന്റെ ഗുണം പാഴാവാതിരിക്കണമെങ്കിൽ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. വ്യായാമത്തിനു ശേഷം ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടിക ഇതാ;
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കരുത്
വ്യായാമം ചെയ്ത ശേഷം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങൾ വ്യായാമത്തിനായി ചെലവഴിച്ച സമയം പാഴാക്കുകയായിരിക്കും. ഇതിനു പകരം കാർബ്സും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ. ഇവ പെട്ടെന്ന് ദഹിക്കുകയും രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യും. കൊഴുപ്പ് ദഹനത്തെ സാവധാനത്തിലാക്കുന്നു.
വെള്ളം കുടിക്കാതിരിക്കരുത്
വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയേ ചെയ്യരുത്. സാധാരണഗതിയിൽ, നിങ്ങൾ വ്യായാമം ചെയ്യുന്ന അവസരത്തിൽ വെള്ളം കുടിക്കില്ലായിരിക്കും. എന്നാൽ, വ്യായാമത്തിനു ശേഷമുള്ള സമയം ശരീരത്തിലെ ജലനഷ്ടം പരിഹരിക്കേണ്ടതുണ്ട്. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയമായിരിക്കും ഉത്തമം. അതിനായി, കരിക്കിൻവെള്ളം കുടിച്ചാൽ മതിയാവും.
വ്യായാമം ചെയ്യുമ്പോൾ ധരിച്ച വസ്ത്രം മാറ്റാതിരിക്കരുത്
വിയർത്തൊട്ടിയ വസ്ത്രങ്ങളിൽ അണുക്കൾ ഉണ്ടായിരിക്കും. ഇവ ദീർഘനേരം ധരിക്കുന്നതിലൂടെ ചർമ്മത്തിൽ അണുബാധകൾ ഉണ്ടാകാം. ശരീര ദുർഗന്ധം വേറെയും! ശരീരം വൃത്തിയാക്കിയ ശേഷം വായുസഞ്ചാരമുള്ള വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.
ശരീരം ശാന്തമാകാൻ അനുവദിക്കുക
ശരീരത്തെ ശാന്തമാക്കുന്നതിനായി പോസ്റ്റ്-ജിം സ്ട്രെച്ചുകൾ അല്ലെങ്കിൽ യോഗ സഹായിക്കും. ഇതിലൂടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാധാരണഗതിയിലാക്കാൻ സാധിക്കും. ഇത് അടുത്ത തവണ വ്യായാമം ചെയ്യുന്ന അവസരത്തിൽ വിഷമതകൾ കുറയ്ക്കുന്നതിനും സഹായകമായിരിക്കും.
മുഖത്ത് സ്പർശിക്കാതിരിക്കുക
വ്യായാമത്തിനു ശേഷം ശുചിയാക്കാത്ത കൈകൾ ഉപയോഗിച്ചോ വിയർപ്പിൽ കുതിർന്ന ടവ്വൽ ഉപയോഗിച്ചോ മുഖത്ത് സ്പർശിക്കുന്നത് ഏറ്റവും മോശമായ സംഗതിയായിരിക്കും! നിങ്ങൾക്ക് മുമ്പ്, ജിമ്മിലെ ഉപകരണങ്ങളിൽ എത്രയോ ആളുകൾ സ്പർശിച്ചതായിരിക്കാമെന്ന് ആലോചിച്ചുനോക്കൂ! മുഖം തുടയ്ക്കുന്നതിനായി പ്രത്യേകം ടവ്വൽ സൂക്ഷിക്കുന്നത് ഇതിനൊരു പരിഹാരമാണ്. മുഖം കഴുകുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകി വൃത്തിയാക്കുക.
അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വ്യായാമം കൂടുതൽ ആരോഗ്യകരവും ഫലപ്രദവുമായി മാറും.
No comments