Breaking News

സ്വന്തം അണക്കെട്ട് സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്ന ലോകത്തിലെ ആദ്യ നാടായി കേരളം, കലിപ്പ് തീര്‍ക്കാന്‍ ഷട്ടറുകള്‍ താമസിച്ചു തുറന്നതും വിനയായി



വണ്ടിപെരിയാര്‍: തമിഴ്‌നാടിന്റെ പിടിവാശി കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നത് കേരളത്തിന്. തമിഴ്‌ നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങള്‍ക്ക് ജല സേചനത്തിനായി നിര്‍മ്മിച്ച്‌ ഈ അണക്കെട്ട് ഇന്ന് കേരളത്തിന് തീരാ തല വേദനയാണ്. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിലെ ദുരിതം അനുഭവിക്കുന്നതും കേരളത്തിലെ ആളുകള്‍ മാത്രമാണ്. ഡാം തകര്‍ന്നാലോ തുറന്നാലോ കൊച്ചി വരെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. എന്നാല്‍ ഇതൊന്നും തമിഴ്‌നാടിന് പ്രശ്‌നമില്ല. കേരളത്തിലെ ഈ ഡാം നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്.

ജനങ്ങളുടെ ദുഃഖം കാണാതെ തന്നിഷ്ട പ്രകാരം തമിഴ്‌നാട് പ്രവര്‍ത്തിച്ചതാണ് ഇപ്പോള്‍ ആലുവയും കൊച്ചിയും നേരിടുന്ന ദുരിതങ്ങളുടെ കാരണം.കനത്ത മഴയില്‍ ഇടുക്കി ഡാം നിറയുമ്ബോള്‍ തന്നെ പ്രശ്‌നങ്ങളുടെ ഗൗരവം കേരളത്തിന് മനസ്സിലായിരുന്നു.


ഇത് തമിഴ്‌നാടിനേയും അറിയിച്ചു. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടില്ല. എങ്ങനേയും 142 അടിയില്‍ ജലനിരപ്പ് ഉയര്‍ത്താനായിരുന്നു അവരുടെ ശ്രമം. ഇതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ കാലതാമസമുണ്ടാക്കി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വമായിരുന്നു ഈ തീരുമാനം എടുത്തത്.

കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്.142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനായിരുന്നു ഇത്. നീരൊഴുക്കിന് അനുസരിച്ച്‌ വെള്ളം പുറത്തേക്ക് വിടാതെ പ്രതിസന്ധി രൂക്ഷമാക്കി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പതിമൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും.

ഈ ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയര്‍ത്താന്‍ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകള്‍ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്‌സ് വെള്ളമാണ്. ഇത് താങ്ങാന്‍ മുല്ലപ്പെരിയാറിന് കഴിയില്ല, അതുകൊണ്ട് തന്നെ ഇനിയും കൂടുതല്‍ വെള്ളം ഒഴുക്കേണ്ടി വരും. ഇതെല്ലാം എത്തുന്നത് ഇടുക്കി ഡാമിലാണ്. ഇത് കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ച്‌ തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുകയാണ്.

അണക്കെട്ടില്‍ വെള്ളം ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട്. അങ്ങനെ വന്നാല്‍ കൂടുതല്‍ വെള്ളം വണ്ടിപെരിയാര്‍ വഴി 44 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഇടുക്കിയിലേക്കെത്തും. ഇത് കേരളത്തിലെ പ്രളയത്തെ ഇരട്ടിയാക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തയാറായത് തന്നെ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനത്തിനായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

കേന്ദ്രജല കമ്മിഷനില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജലവിഭവവകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. അടിയന്തരഘട്ടങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നെങ്കില്‍ ഷട്ടര്‍ തുറക്കുമ്ബോള്‍ ഇരു സംസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുമായിരുന്നു.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച്‌ ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങള്‍ തമ്മില്‍ കാണുന്നത് വര്‍ഷത്തിലൊരിക്കലാണ്. സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. ഇതെല്ലാം പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാണ്.

No comments