Breaking News

വാദം പൊളിഞ്ഞു; യാത്ര ഉറപ്പിച്ചത് പ്രളയത്തിനിടെയെന്ന് ജര്‍മനി യില്‍ മന്ത്രി തന്നെ വെളിപ്പെടുത്തി



 മന്ത്രി കെ. രാജുവിന്റെ വിവാദ ജര്‍മന്‍ യാത്ര ഉറപ്പിച്ചത് ഓഗസ്റ്റ് 15 ന് . കേരളം പ്രളയത്തിനുനടുവില്‍ നില്‍ക്കുമ്ബോഴാണു യാത്ര തീരുമാനിച്ചത്. വെളിപ്പെടുത്തല്‍ ജര്‍മനിയിലെ പരിപാടിയിലാണു മന്ത്രി നടത്തിയത്. മന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ രൂക്ഷമായ വെള്ളപ്പൊക്കവും മന്ത്രി ഗൗരവത്തില്‍ കണ്ടില്ല.

തനിക്ക് ചുമതലയുണ്ടായിരുന്ന കോട്ടയത്തെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായതോടെയാണു യാത്ര തിരിക്കാന്‍ തീരുമാനിച്ചതെന്ന് ജര്‍മിനിയില്‍ പങ്കെടുത്ത ചടങ്ങില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വിഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 'വീസയെല്ലാം നേരത്തേ വന്നു എല്ലാ കാര്യങ്ങളും റെഡിയായി ഇരിക്കുകയായിരുന്നെങ്കിലും വരുന്ന കാര്യത്തില്‍ 15 ന് ഉച്ചയോടുകൂടിയാണ് തീരുമാനിച്ചത്.

വന്നപ്പോഴാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും ഉണ്ടെന്ന് അറിഞ്ഞത്. അദ്ദേഹം കൂടി ഉണ്ടെന്നതില്‍ എനിക്കു സന്തോഷമായി. അപ്പോള്‍ എനിക്കു പറയാം, ഞാന്‍ മാത്രമല്ല...' മന്ത്രി കെ. രാജു ജര്‍മനിയില്‍ പറഞ്ഞത്.

യാത്ര തിരിക്കാന്‍ തീരുമാനിച്ച 15ന് ഉച്ചയ്ക്കു കേരളത്തിലെ സ്ഥിതി ഭീതിജനകമായിരുന്നുവെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. അതേസമയം സ്വന്തം മണ്ഡലമായ പുനലൂരിലും സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നു. കല്ലടയാര്‍ ഡാം തുറന്നതോടെ 14നു രാത്രി മുതല്‍ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി. സ്വാതന്ത്ര്യദിനപ്പുലരിയില്‍ പുനലൂര്‍ നഗരവും കുളത്തൂപ്പുഴയുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. അന്നുതന്നെ ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചു. ഈ സാഹചര്യങ്ങളെയാകെ അവഗണിച്ചാണു പ്രളയക്കെടുതികള്‍ക്കു നടുവിലൂടെ കെ. രാജു 16നു പുലര്‍ച്ചെ യാത്ര തിരിച്ചത്. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിവരം തെളിവുസഹിതം പുറത്തുവന്നതോടെ സിപിഐ കൂടുതല്‍ സമ്മര്‍ദത്തിലായി. മന്ത്രിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

താന്‍ ജര്‍മനിയില്‍ പോയശേഷമായിരുന്നെന്നും പ്രളയം രൂക്ഷമായതു ജര്‍മനിയില്‍നിന്നു മടങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും എന്ന മന്ത്രി കെ രാജുവിന്റെ വാദം പൊളിഞ്ഞു.

No comments