Breaking News

മോട്ടോര്‍ വാഹനപണിമുടക്കി നിശ്ചലമായി; ഗതാഗതം സ്തംഭിച്ചു; വാഹനം തടയലും വാക്കേറ്റവും; കര്‍ണാടക ആര്‍.ടി.സിയും തടഞ്ഞ് സമരാനുകൂലികള്‍; ഹര്‍ത്താല്‍ പ്രതീതിയായി കോഴിക്കോട് നഗരം





മോട്ടോര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയില്‍ പൂര്‍ണം. വാഹന പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്ടിച്ചത്. രാവിലെ കര്‍ണാടകയുടെ ബസുകള്‍ സമരാനുകൂലികള്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റു അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ഇന്നലെ ബാംഗ്ലൂരില്‍ നിന്ന് വന്ന ബസ് ഇന്ന് രാവിലെ തിരിച്ചുപോകാനുള്ള നീക്കത്തിനിടെയാണ് സമരാനുകൂലികള്‍ തടഞ്ഞത്. പിന്നീട് കര്‍ണാടക ആര്‍.ടി.സി അധികൃതരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നു.


നേരത്തെ പ്രഖ്യാപിച്ച പണിമുടക്കായതിനാല്‍ തന്നെ സാധാരണ പണിമുടക്ക് ദിവസങ്ങളില്‍ കാണുന്നത് പോലെ ബസ്റ്റാന്റുകളിലോ റയില്‍വെ സ്റ്റേഷനുകളിലോ കുടങ്ങുക്കിടക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ക്ക് മാത്രമാണ് ചെറിയ ബുദ്ധിമുട്ടനുഭവപ്പെട്ടത്.

ഇവിരില്‍ പലരും സ്വാകാര്യ വാഹനങ്ങള്‍ പ്രയോജനപ്പെടുത്തി. അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പൊലീസും സന്നദ്ധ സേവകരും രംഗത്തുണ്ടായിരുന്നു. റയില്‍വെ സ്റ്റേഷനില്‍ രാവിലെ അല്‍പം തിരക്കുണ്ടായതൊഴിച്ചാല്‍ ഇതുവരെ സ്ഥിതിഗതികള്‍ ശാന്തമാണ്. റെയില്‍ സറ്റേഷനില്‍ വന്നിറങ്ങുന്ന മെഡിക്കല്‍ കോളേജിലേക്കുള്ള രോഗികളെ കൊണ്ടുപോകാന്‍ രണ്ടു ബസുകളാണ് പൊലീസ് തയ്യാറാക്കിയിരുന്നത്. ഒന്ന് മലാപറമ്ബ് വഴിയും, രണ്ടാമതൊന്ന് തൊണ്ടയാട് ബൈപാസ് വഴിയുമാണ് മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തിയത്. നിരത്തിലിറങ്ങിയ കാറുകളും ബൈക്കുകളും ഉള്‍പെടെയുള്ള സ്വകാര്യ വാഹനങ്ങളിലും പൊലീസ് ആളുകളെ കയറ്റിവിടുന്നുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കുറവായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലയിടത്തും പ്രവര്‍ത്തിച്ചിട്ടില്ല. മിഠായിത്തെരുവിലും കോഴിക്കോട് നഗരത്തിലും ആളൊഴിഞ്ഞ പ്രതീതിയായരുന്നു. കടകള്‍ മുക്കാല്‍ ഭാഗവും തുറന്നില്ല. ഓണവും ബക്രീദും പ്രമാണിച്ചുള്ള വ്യാപാരം തുടങ്ങുന്ന സമയമായിട്ടുപോലും നഗരത്തിലിന്ന് ആരെയും കണ്ടില്ല. മിഠായിത്തെരുവിലെ തെരുവ് കച്ചവടക്കാരും ഇന്നില്ലായിരുന്നു. ടൗണ്‍ഹാളിന് സമീപത്തെ ഖാദിബോര്‍ഡിന്റെ പ്രത്യേക ഓണം ബക്രീദ് ഔട്ട്ലെറ്റ് ഇന്നും പ്രവര്‍ത്തിച്ചു. എന്നാല്‍ ആളുകള്‍ കുറവായിരുന്നു. കണ്ണൂരില്‍ നിന്നുള്ള പരശുറാം എക്സപ്രസില്‍ ഇന്ന് പതിവില്‍ വിപരീതമായി എല്ലാവര്‍ക്കും ഇരിക്കാനുള്ള സീറ്റുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

സാധാരണ ഈ ട്രെയിനില്‍ കോഴിക്കോട്ടേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതായിരുന്നു. ഇന്ന് സാധാരണ വരുന്ന തൊഴിലാളികളെല്ലാം ലീവായിരുന്നതാണ് എല്ലാവര്‍ക്കും ഇരിപ്പിടം കിട്ടാനുള്ള കാരണം.മൊഫ്യൂസല്‍ ബസ് സറ്റാന്റും കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റും ആളൊഴിഞ്ഞ നിലയിലായിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ സമരാനുകൂലികള്‍ ബസ് സ്റ്റാന്‍ഡ്് പരിസരത്ത് പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നഗരത്തിലും പ്രകടനം നടത്തി. പാളയം സ്റ്റാന്റില്‍ മാര്‍ക്കറ്റിലേക്കെത്തിയ ആളുകളുണ്ടായിരുന്നതൊഴിച്ചാല്‍ യാത്രക്കാരാരുമില്ലായിരുന്നു. പണിമുടക്ക് കാരണം റോഡില്‍ തിരക്കൊഴഞ്ഞതിനാല്‍ ജപ്പാന്‍കുടവെള്ള പദ്ധതിയുടെ പൈപ്പ്പൊട്ടി കുഴികള്‍ രൂപപ്പെട്ടയിടങ്ങളില്‍ വാട്ടര്‍ അഥോറിറ്റി അറ്റകുറ്റപണികള്‍ നടത്തി.

No comments