കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി മുഖ പത്രം
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ തിരെ രൂക്ഷ വിമർശനവുമായി ബി ജെ പി മുഖപത്രം ജന്മഭൂമി. പ്രളയ ക്കെടുതി നേരിടുന്ന കേരളത്തിന് യു എഇ ധനസഹായം വാഗ്ദാനം ചെയ്തതിനെ തുടർന്ന് മന്ത്രി നടത്തിയ പ്രതികരണങ്ങൾ വകതിരിവില്ലാത്ത തായിരുന്നെന്ന് ജന്മഭൂമിയുടെ തിങ്കളാഴ്ചത്തെ മുഖ പ്രസംഗത്തിൽ വിമർശിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ നടപടി കയ്യടി കിട്ടാനായിരുന്നെന്നും മുഖ പ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്.
രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികൾ ബി ജെ പി യെ കുഴിച്ചുമൂടാൻ ദുരന്തമുഖത്തുപോലും അറച്ചു നിന്നില്ല.അവരിൽ നിന്ന് മറിച്ചൊന്നും പ്രതിക്ഷിക്കേണ്ടതില്ല. എന്നാൽ കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോൾ വകതിരിവ് വേണ്ടെ? കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം അൽപം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ അത് നീക്കണം.
ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നിൽ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും- ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു. കണ്ണന്താനം ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങിയതിനെയും ജന്മഭൂമി വിമർശിക്കുന്നുണ്ട്. ക്യാമ്പിൽ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകൾ സമൂഹമാധ്യമങ്ങൾ വഴി കിട്ടിയത് മെച്ചമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായം നൽകുന്നതായുള്ള വാർത്തകളെ തുടർന്ന് ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തെയും മുഖപ്രസംഗം വിമർശിക്കുന്നുണ്ട്. ആക്ഷേപങ്ങൾ ഉന്നയിച്ച് അർഹിക്കുന്നതു പോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ജി. സുധാകരനും കടകംപള്ളിയുമൊക്കെ അത് തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നുംമുഖപ്രസംഗത്തിൽ പറയുന്നു.
No comments