Breaking News

അധികാരം കൈവിട്ട ത്രിപുരയില്‍ മുഖപത്രമില്ലാതെ സി.പി.എം, വായ മൂടിക്കെട്ടുന്ന ഫാസിസ്റ്റ്‌ ഭരണത്തിന്റെ ഉദാഹരണമെന്ന് പത്രാധിപർ

തുടര്‍ച്ചയായ 25വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ത്രിപുരയില്‍ അധികാരം കൈവിട്ട സി.പി.എം സ്വന്തം മുഖപത്രം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. പത്രത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടിക്കെതിരെ നിയമ യുദ്ധത്തിലാണ് പാര്‍ട്ടി.

ത്രിപുരയില്‍ ഇടത് രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന പാര്‍ട്ടിയുടെ അഭിമാനചിഹ്നങ്ങളില്‍ ഒന്നായ ഡെയിലി ദേശേര്‍ കഥ എന്ന മുഖപത്രത്തിനാണ് ബിപ്ലവ് കുമാര്‍ ദേബിന്റെ സര്‍ക്കാര്‍ ആദ്യം തടയിട്ടത്. റജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ വൈരുധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടം ദേശേര്‍ കഥയ്ക്ക് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്.

പി.ആര്‍.ബി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയായിരുന്നു പത്രം റദ്ദാക്കിയത്. ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ രാഷ്ട്രീയ പ്രേരിതമായിട്ടാണ് നടപടി ഉണ്ടായതെന്ന് ദേശ്ദേര്‍ കഥയുടെ പത്രാധിപരായ സമീര്‍ പൗള്‍ പറഞ്ഞു.

''പത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു. അതെല്ലാം നല്‍കിയിട്ടും നിയമനടപടി തുടര്‍ന്നു. ഒടുവില്‍ പ്രസിദ്ധീകരണാനുമതി പോലും നിഷേധിച്ചു''. രേഖകള്‍ എല്ലാം ആര്‍.എന്‍.ഐ പുതുക്കി നല്‍കിയിട്ടും ഒക്ടോബര്‍ ഒന്നിന് അര്‍ദ്ധരാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ ജില്ലാ ഭരണകൂടം പത്രത്തിന്റെ പ്രസിദ്ധീകരണാനുമതി വീണ്ടും നിഷേധിക്കുകയായിരുന്നു.

പിന്നീട് നടന്ന നിയമപോരാട്ടത്തിനൊടുവില്‍ അനുകൂല വിധി നേടുകയും പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ബിപ്ലവ് കുമാറിന്റെ സര്‍ക്കാര്‍ എതിരാളികളെ നിശബ്ദമാക്കുന്നതിന് ഉദാഹരണമാണ് ദേശ്ദേര്‍ കഥയുടെ അനുഭവം. 'വായ മൂടിക്കെട്ടുന്ന ഫാസിസ്റ്റ്‌ ഭരണത്തിന്റെ ഉദാഹരണം' അദ്ദേഹം വ്യക്തമാക്കി. ബിപ്ലവിന്റെ സര്‍ക്കാരിന് മുന്നില്‍ തലകുനിക്കാന്‍ ദേശ്ദേര്‍ കഥയും തൊഴിലാളികളും തയ്യാറല്ലെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments