Breaking News

തിരഞ്ഞെടുപ്പ് പരാതികള്‍ക്ക് ; സി-വിജില്‍ ആപ്പ്


ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങളും തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ ലംഘനങ്ങളും വളരെ വേഗത്തിലും ചിത്രങ്ങള്‍/ വീഡിയോ തെളിവുകള്‍ സഹിതവും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള നൂതന ആപ്ലിക്കേഷനാണ് സി വിജില്‍ ആപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി മുതല്‍ ആപ്പ് ഉപയോഗിക്കാം. ക്യാമറ, വേഗതയുള്ള ഇന്റര്‍നെറ്റ് ബന്ധം, ജി.പി.എസ് ലഭ്യത എന്നിവയുള്ള ഏത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് മൊബൈല്‍ ഫോണിലും ആപ്പ് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍ അല്ലെങ്കില്‍ 2 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പകര്‍ത്തി സി വിജില്‍ ആപ്പ് വഴി അപ്‌ലോഡ് ചെയ്യാം.

ചിത്രം/ വീഡിയോ അയച്ചത് വിജയകരമായെങ്കില്‍ അയച്ച വ്യക്തിക്ക് ഒരു യൂണീക് ഐ.ഡി ലഭിക്കും. ഇത് തുടര്‍ നടപടികള്‍ അറിയുവാന്‍ ഉള്ളതാണ്. ചിത്രം/ വീഡിയോ എന്നിവ പകര്‍ത്തിയത് 5 മിനിറ്റിനകം അയയ്ക്കണം. ഒന്നിലധികം സംഭവങ്ങള്‍ വ്യക്തികള്‍ക്ക് ആപ്പ് മുഖാന്തിരം അയക്കാം.

ഓരോന്നിനും യൂണീക് ഐ.ഡി ലഭിക്കും. ഒരേ വ്യക്തി തുടര്‍ച്ചയായി പരാതികള്‍ ഒരേ സ്ഥലത്ത് നിന്നും സമര്‍പ്പിക്കുകയാണെങ്കില്‍ ഓരോ പരാതിയ്ക്കിടയിലും 5 മിനിറ്റിന്റെ സമയവ്യത്യാസമുണ്ടാകും. മുന്‍പ് ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍/ വീഡിയോ എന്നിവ ആപ്പ് മുഖേന അയയ്ക്കാന്‍ സാധിക്കില്ല. ചിത്രങ്ങള്‍/ വീഡിയോകള്‍ എന്നിവ നേരിട്ട് ഫോണ്‍ ഗാലറിയില്‍ സേവ് ചെയ്യുവാന്‍ സാധിക്കില്ല. വ്യക്തിപരമായ ആവലാതികള്‍ ആപ്പ് മുഖാന്തിരം സമര്‍പ്പിക്കരുത്.

No comments