Breaking News

അന്നങ്ങനെ സംഭവിച്ചു പോയി, സ്വാഭാവിക പ്രതിഷേധം മാത്രം.. 2016ല്‍ സ്‌പീക്കര്‍ കസേര വലിച്ചെറിഞ്ഞതിനെ ന്യായീകരിച്ച്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍..

2016ല്‍ കെ.എം മാണിയുടെ ബഡ്‌ജറ്റ് അവതരണവേളയില്‍ സ്‌പീക്കറുടെ ഡയസില്‍ കയറി കസേര വലിച്ചെറിഞ്ഞ താന്‍ ഉള്‍പ്പെടുന്ന അന്നത്തെ പ്രതിപക്ഷ അംഗങ്ങളുടെ നടപടിയെ ന്യായീകരിച്ച്‌ സ്പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ രംഗത്ത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം.
2016 -ല്‍ സഭയില്‍ കണ്ടത് പ്രതിപക്ഷത്തിന്റെ സ്വാഭാവികമായ പ്രതിഷേധമായിരുന്നു. അത് ആസൂത്രിതമല്ല. അങ്ങനെ സംഭവിച്ചുപോയി. അന്നും പ്രതിപക്ഷത്തെ ആറ് അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായെങ്കിലും ആരും വായിത്തോന്നിയത് പറഞ്ഞില്ല.

കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസില്‍ കയറിയതിനെതിരേ നടപടിയെടുത്തത് സഭയുടെ അന്തസ് കാക്കാനാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരിക്കല്‍ ഒരു സംഭവമുണ്ടായാല്‍ അതിനെ എല്ലാക്കാലത്തേക്കും സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശകൊണ്ട് ജീവിക്കരുതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.
നിയമസഭയുടെ ചട്ടങ്ങളനുസരിച്ച്‌ സഭയില്‍നിന്ന് പുറത്തുപോകണമെന്ന് പറയാന്‍ അധ്യക്ഷന് കഴിയുമെങ്കിലും പരിമിതമായ നടപടിയാണ് താന്‍ സ്വീകരിച്ചത്. ശിക്ഷ നല്‍കേണ്ടയാളുടെ സമ്മതത്തോടെ അത് നല്‍കാനാകില്ല.
ഇങ്ങനെയാണ് സഭ എന്ന് ധരിച്ച ഒരുകൂട്ടം പുതിയ എം.എല്‍.എമാരുണ്ട്. അവരെ തിരുത്താന്‍ പ്രതിപക്ഷനേതാവ് ശ്രമിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഒ.രാജഗോപാലിന്റെ അഭിപ്രായം കേട്ടാണ് സ്‌പീക്കര്‍ നടപടിയെടുത്തതെന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ആക്ഷേപാര്‍ഹമാണ്. സ്പീക്കറെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമല്ലാതെ മറ്റൊന്നും സ്വാധീനിച്ചിട്ടില്ല.
പൊലീസ് മര്‍ദനമേറ്റ ഷാഫി പറമ്ബില്‍ അവകാശ ലംഘന നോട്ടീസൊന്നും നല്‍കിയിട്ടില്ല. നോട്ടീസ് തന്നാല്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

No comments