Breaking News

കര്‍ണാടകത്തില്‍ രണ്ട് എംഎല്‍എമാരെ ബിജെപി പുറത്താക്കി..

കര്‍ണാടകടത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് എംഎല്‍എമാരെ ബിജെപി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വിമത എംഎല്‍എമാരായ ശരത് ബച്ചെഗൌഡ, കവിരാജ് ഉര്‍സ് എന്നിവരെയാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശരത് ബച്ചെഗൌഡ ഹോസ്കോട്ടെ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. വിജയനഗര മണ്ഡലത്തില്‍ നിന്ന് ഉര്‍സും മത്സരിക്കും.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്ന് കാണിച്ചാണ് ബിജെപി നടപടി.

വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി രണ്ട് വിമത എംഎല്‍എമാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദേശം പാലിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.
ബിജെപി അയച്ച കത്തും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുമ്ബാകെ കാണിച്ചിരുന്നു. ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി ഹോസ്കോട്ടെ സീറ്റ് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് എംടിബി നാഗരാജിന് നല്‍കിയതോടെയാണ് ശരത് ഇതേ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത ജെഡിഎസ് ബിജെപി വിമത എംഎല്‍എയെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ചിക്കബെല്ലാപുര എംപി ബിഎന്‍ ബെച്ചേഗൌഡയുടെ മകനാണ് ശരത്.
മത്സരിക്കാനുള്ള ശരതിന്റെ ശ്രമം പാര്‍ട്ടി തള്ളിക്കളഞ്ഞതോടെയാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരൂമാനിക്കുന്നത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നാഗരാജാണ് 7000 വോട്ടുകള്‍ക്ക് ശരത് ബച്ചെഗൌഡയെ പരാജയപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിനെതിരെയാണ് ഉര്‍സ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
നിലവിലെ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആറ് മണ്ഡലങ്ങളിലെ വിജയം നിര്‍ണായകമാണ്. 16 അയോഗ്യരാക്കിയ എംഎല്‍എമാരില്‍ 13 പേരെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.

No comments