Breaking News

ഇവിടെ 500 അവിടെ 67; തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാംപക്കം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മമത അധികാരമേറ്റു, കേരളം കണ്ടുപഠിക്കേണ്ടത്..!!

 ​​​


തിരുവനന്തപുരം: പന്തല്‍ കെട്ടി ആര്‍പ്പുവിളിയും ആരവങ്ങളുമില്ലാതെയൊരു സത്യപ്രതിജ്ഞ രാജ്യത്ത് ഒന്നരയാഴ്‌ച മുമ്ബ് നടന്നിരുന്നു. രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടയില്‍ എല്ലാ വെല്ലുവിളികളേയും ഭേദിച്ച്‌ തുടര്‍ഭരണം നേടിയ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ. സംസ്ഥാനത്ത് അഞ്ഞൂറ് പേര്‍ പങ്കെടുക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ, വിവാദങ്ങളില്‍ നിറയുമ്ബോഴാണ് മമതയുടെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ശ്രദ്ധേയമായത്.


നിലവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്ര കൊവിഡ് കേസുകള്‍ പോലും ഇല്ലാതിരുന്ന സമയത്താണ് ബംഗാളില്‍ മമത സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാംദിസമായിരുന്നു മമത അധികാരമേറ്റത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാര്‍ അധികാരമേല്‍ക്കാതിരിക്കുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു മമതയുടെ നീക്കം.


അതേസമയം, തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടരയാഴ്‌ചയോളം കഴിഞ്ഞാണ് കേരളത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഇതിനെല്ലാം ഒടുവിലാണ് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നിലവിലുളള തലസ്ഥാന ജില്ലയില്‍ പന്തല്‍ കെട്ടി അഞ്ഞൂറ് പേരേയും ക്ഷണിച്ച്‌ വരുത്തിയുളള ആഘോഷം. രാജ്ഭവനില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ ലളിതമായ ചടങ്ങായിരുന്നു ബംഗാളില്‍ നടന്നത്.


ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷികളായി ഉണ്ടായിരുന്നത് 67 പേര്‍ മാത്രമാണ്. മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബി ജെ പി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്‌ദുല്‍ മന്നന്‍, ബി സി സി ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളൂ.


അതേസമയം, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്‌ക്കായുളള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. അമ്ബതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ കഴിഞ്ഞതവണ നാല്‍പ്പതിനായിരം പേര്‍ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നുവെന്നും ഇത്തവണ അഞ്ഞൂറ് പേര്‍ മാത്രമേയുളളൂവെന്നുമാണ് മുഖ്യമന്ത്രി പറയുന്ന ന്യായീകരണം. എന്നാല്‍ അമ്ബതിനായിരം പേരെ ഉള്‍ക്കൊളളനുളളത്രയും സീറ്റിംഗ് കപ്പാസിറ്റി സെന്‍ട്രല്‍ സ്റ്റേഡിയത്തിനില്ലെന്നും കഴിഞ്ഞവര്‍ഷം നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്തിരുന്നില്ലെന്നുമാണ് എതിര്‍വാദം.


സാധാരണക്കാരന്‍ എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച്‌ അവന്‍റെ സ്വകാര്യ സന്തോഷങ്ങളെല്ലാം ത്യജിച്ച്‌ വീട്ടിലിരിക്കുമ്ബോള്‍ അഞ്ഞൂറ് ഒരു ചെറിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലെ ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്നുതന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്ന തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി തുടങ്ങിയവിടങ്ങളിലെല്ലാം ദിവസങ്ങള്‍ക്കകം സര്‍ക്കാരുകള്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റിരുന്നു. എന്നാല്‍ കേരളത്തില്‍ തീവ്രമായി കൊവിഡ് വ്യാപനം ഉയരുമ്ബോഴും സത്യപ്രതിജ്ഞ നീളുകയായിരുന്നു. ഇതിനിടെയാണ് ജനസംഖ്യാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തെക്കാള്‍ വലിയ സംസ്ഥാനമായ പശ്‌ചിമ ബംഗാളിലെ 67 പേര്‍ മാത്രം പങ്കെടുത്ത സത്യപ്രതിജ്ഞ ചടങ്ങ് മാതൃകയാകുന്നത്.

No comments