Breaking News

പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നതിന് അമിത് ഷായുടെ ഒരു പ്രഖ്യാപനം സഹായിച്ചു : ഹൈക്കമാന്‍ഡിനോട് വെളിപ്പെടുത്തലുമായി ചെന്നിത്തല..

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയത്തിന് പ്രധാന കാരണം കൊവിഡും, പ്രളയവും, സംഘടനാ ദൗര്‍ബല്യവുമാണെന്ന്, തിരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി പഠിക്കാന്‍ ഹൈക്കമാന്‍ഡ് സമിതി നിയോഗിച്ച അശോക് ചവാന്‍ സമിതിയോട് ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി.


പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമേറ്റെടുക്കുന്നതായി വ്യക്തമാക്കിക്കൊണ്ടാണ്, സംഘടനാദൗര്‍ബല്യം പറഞ്ഞ് നേതൃത്വത്തിന് മേല്‍ ചെന്നിത്തല പഴി ചാര്‍ത്തിയത്. എന്നാല്‍,സംഘടനാപരമായ ഉത്തരവാദിത്വം യു.ഡി.എഫ് ചെയര്‍മാനെന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്കുമുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.


കൊവിഡ് കാരണം സര്‍ക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് ചെന്നിത്തല പറഞ്ഞു..


കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ഒഴുക്കിയ പണവും ഭക്ഷ്യക്കിറ്റുകളും പെന്‍ഷനുമെല്ലാം തോല്‍വിക്ക് കാരണമായി. പ്രതിപക്ഷനേതാവെന്ന നിലയില്‍ സര്‍ക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതികളും പൊതുസമൂഹത്തില്‍ തുറന്നുകാട്ടാനായി. സര്‍ക്കാര്‍ പല തീരുമാനങ്ങളും തിരുത്തുകയും പിന്നാക്കം പോവുകയുമുണ്ടായി. ആരോപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ വന്‍ പ്രാധാന്യം നേടിയെങ്കിലും സര്‍ക്കാരിന്റെ അഴിമതിക്കെതിരായ വികാരം താഴെത്തട്ടിലെത്തിക്കാനാവാത്തത് തിരിച്ചടിയായി. പല ബൂത്ത് കമ്മിറ്റികളും നിര്‍ജ്ജീവമായിരുന്നു. വീടുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാനായില്ല. കിറ്റുകളും മറ്റാനുകൂല്യങ്ങളും നല്‍കി സര്‍ക്കാരിനനുകൂലമായി വന്‍തോതിലുള്ള പ്രചാരണം നടത്തി.


കോണ്‍ഗ്രസിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചു . ബി.ജെ.പിയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിച്ച സ്ഥലങ്ങളില്‍ 2016ലെ വോട്ട് ഷെയറിനേക്കാള്‍ 80 ശതമാനത്തോളം കുറവുണ്ടായി. ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും പണക്കൊഴുപ്പും സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി സര്‍ക്കാരിന് കാര്യങ്ങളനുകൂലമാക്കാനുള്ള പി.ആര്‍. കമ്ബനിയുടെ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് ആക്കം കൂട്ടി. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം നിമിത്തം മുസ്ലീം വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു- രമേശ് ചൂണ്ടിക്കാട്ടി.


കൂടിയാലോചനകള്‍ ചവാന്‍ സമിതി തുടരുന്നു. ജൂണ്‍ ആദ്യവാരത്തോടെ പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ നിലവില്‍ വരുമെന്നാണ് സൂചനകള്‍. കെ. സുധാകരന് പുറമേ, ദളിത് പ്രാതിനിദ്ധ്യത്തിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷും ,ഗ്രൂപ്പ് പിന്‍ബലത്തില്‍ കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍ തുടങ്ങിയവരും മത്സരരംഗത്ത് സജീവമാണ്.

No comments