ഡല്‍ഹിക്ക് പോകാന്‍ താത്പര്യമില്ലാതെ ചെന്നിത്തല..!! കെസി വേണുഗോപാലിനെ ഒതുക്കാന്‍ വിമത നേതാക്കള്‍..!! ആ നേതാവ് തലപ്പത്ത് എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒഴിയേണ്ടി വരും..!!
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം വെടിയാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി ഐ ഗ്രൂപ്പ് വൃത്തങ്ങള്‍. തന്‍റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാനുളള ഹൈക്കമാന്‍ഡ് നീക്കത്തോടും ചെന്നിത്തലയ്‌ക്ക് യോജിപ്പില്ല.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വലിയ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃത്വസ്ഥാനവും യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു. പിന്നീടാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതും. ഇതുപോലെ ചെന്നിത്തലയേയും ദേശീയ രാഷ്‌ട്രീയത്തിന്‍റെ ഭാഗമാക്കാനാണ് നേതൃത്വത്തിന് താത്പര്യം.
കേരളത്തില്‍ നിന്ന് രാഹുല്‍ഗാന്ധിയേയും കൂട്ടി നാല് പേരാണ് പ്രവര്‍ത്തകസമിതിയിലുളളത്. വയനാട്ടില്‍ നിന്നുള്ള എം പി എന്ന നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നുള്ള ആളായി കണക്കാക്കുന്നത്. രമേശ് ചെന്നിത്തലയെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. അത്തരം ഒരു നീക്കം ഹൈക്കമാന്‍ഡ് നടത്തില്ലെന്നാണ് വിവരം.
ഇതോടെ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയിലേക്ക് എടുക്കുന്ന സ്ഥിതി വന്നാല്‍, കേരളത്തില്‍ നിന്ന് മറ്റൊരാളെ ഒഴിവാക്കേണ്ടി വരും എന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ അത് ഉമ്മന്‍ ചാണ്ടി ആകാനാണ് സാദ്ധ്യത കൂടുതല്‍. എ കെ ആന്‍റണിയും കെ സി വേണുഗോപാലും പ്രവര്‍ത്തക സമിതിയില്‍ തുടരും.
രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയാല്‍, കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സമവാക്യങ്ങള്‍ തന്നെ മാറിമറിയും. എ കെ ആന്‍റണിയ്ക്ക് ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷം ആര് എന്നത് നിര്‍ണായക ചോദ്യമാണ്.
സീറ്റ് വിഭജനത്തിലടക്കം വേണുഗോപാല്‍ നടത്തിയ നീക്കങ്ങളോട് പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ കെ സി ഗ്രൂപ്പ് സജീവമാണ്. ഇത്രനാളും എ, ഐ ഗ്രൂപ്പുകളുടെ ഭാഗമായി നിന്നവരൊക്കെ തന്നെയാണ് വേണുഗോപാലിന് ഒപ്പമുള്ളതും. ദേശീയ തലത്തില്‍ സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന വേണുഗോപാല്‍ ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിക്കുന്നുവെന്നും പല നേതാക്കളെയും സ്റ്റാര്‍ ക്യാമ്ബനിയര്‍മാരായി കൊണ്ടുവന്നില്ലെന്നുമാണ് വിമത നേതാക്കളുടെ പ്രധാന വിമര്‍ശനം. സംസ്ഥാനങ്ങളിലെ പുനസംഘടന കൃത്യമായി ചെയ്യാതെ വൈകിപ്പിക്കുന്നതാണ് മറ്റൊരു ആരോപണം. സ്വന്തം സംസ്ഥാനത്ത് നിന്നടക്കം വേണുഗോപാല്‍ നേരിടുന്ന എതിര്‍പ്പ് ഗൗരവത്തോടെയാണ് സോണിയ നോക്കികാണുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‍നാഥിനെ കൊണ്ടുവരാന്‍ സോണിയക്ക് താത്പര്യമുണ്ടെന്ന സൂചന ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. വളരെ അടുപ്പമുള്ള കുമാരി ഷെല്‍ജയെയും ദേശീയ തലത്തിലേക്ക് മാറ്റാന്‍ സോണിയ ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അത്തരമൊരു സാഹചര്യമുണ്ടായാല്‍ രമേശ് ചെന്നിത്തലയ്ക്കും ദേശീയതലത്തില്‍ നിര്‍ണായക പദവിയുണ്ടാവും. വേണുഗോപാലിന്‍റെ അധികാരപരിധി വെട്ടിക്കുറച്ചാല്‍ ഇടഞ്ഞ് നിന്നവര്‍ അടുക്കുമെന്ന അണിയറ സംസാരവും കോണ്‍ഗ്രസ് ക്യാമ്ബിലുണ്ട്.
No comments