Breaking News

മോദിക്ക് ചത്തീസ്ഗഡിനെ മാതൃകയാക്കാം; കോണ്‍ഗ്രസ് സര്‍ക്കാർ ചെയ്തത്..

 


റായ്പൂര്‍: കോവിഡ് പ്രതിസന്ധി കാലത്ത് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്ബോള്‍ രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, പുതിയ നിയമസഭ മന്ദിരം അടക്കമുള്ള ഡസനോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച്‌ ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൂടാതെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വസതികളുടെ ടെന്‍ഡര്‍ നടപടികളും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഹലിന്‍റെ നിര്‍ദേശത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


"ഞങ്ങള്‍ ജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഹല്‍ ട്വീറ്റ് ചെയ്തു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും" മുഖ്യമന്ത്രി വ്യക്തമാക്കി.


 

രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, പുതിയ നിയമസഭ മന്ദിരം, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഔദ്യോഗിക വസതികള്‍, മറ്റ് 164 വീടുകള്‍ അടക്കമുള്ള പദ്ധതികള്‍ പുതിയ തലസ്ഥാനമായ നവ റായ്പൂരിലെ സെക്ടര്‍ 24ലാണ് നടപ്പാക്കുന്നത്. 14 ഏക്കറില്‍ രാജ് ഭവനും എട്ട് ഏക്കറില്‍ മുഖ്യമന്ത്രിയുടെ വസതിയും 51 ഏക്കറില്‍ പുതിയ നിയമസഭാ മന്ദിരവും ആണ് നിര്‍മിക്കുക. 505 കോടി രൂപ ചെലവ് കണക്കാക്കി 2019ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാറുകാര്‍ക്ക് നല്‍കിയ നിര്‍ദേശം.


കോവിഡ് കാലത്ത് രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, പ്രതിപക്ഷ ആവശ്യത്തെ പ്രതിരോധിക്കാന്‍ ചത്തീസ്ഗഡിലെ നിര്‍മാണപ്രവൃത്തികളാണ് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനുള്ള മറുപടി എന്ന നിലയിലാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള ചത്തീസ്ഗഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്.

No comments