Breaking News

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൗണ്ട്ഡൗണ്‍ തുടങ്ങി; അഴിച്ചു പണി ഒരു മാസത്തിനുളളില്‍, സുധാകരന്‍റെ പേരിന് മുന്‍തൂക്കം.. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി..

 


തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചതിന് പിന്നാലെ കെ പി സി സിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങി ഹൈക്കമാന്‍ഡ്. ഒരു മാസത്തിനുള്ളില്‍ കെ പി സി സിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.


തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്‌തിയിലാണ്. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്.


പരാജയത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും സ്ഥാനമൊഴിയാന്‍ തയ്യാറെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്.


ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും ശിരസാ വഹിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.


മുല്ലപ്പള്ളിയുടെ പിന്‍ഗാമിയെ സംബന്ധിച്ച്‌ നേതൃത്വത്തില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തും. അതോടൊപ്പം പാര്‍ട്ടിയില്‍ മറ്റ് മാറ്റങ്ങളും ഉണ്ടാവുമെന്നാണ് സൂചന. സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കി പി ടി തോമസിനെ യു ഡി എഫ് കണ്‍വീനറുമാക്കിയുളള തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്നും ഉണ്ടാകുമെന്നാണ് സൂചന.

No comments