സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈക്കമാന്‍റ് വക 'മേജര്‍ സര്‍ജറി'; ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് മുന്നറിയിപ്പ്.. ഇനി..
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടാക്കുന്നത് ദൂര വ്യാപക മാറ്റങ്ങളാകുമെന്ന് വിലയിരുത്തല്‍. ഗ്രൂപ്പ് മാനേജര്‍മാരുടെ അഭിപ്രായങ്ങളെ എല്ലാം അപ്രസക്തമാക്കിയാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍റ് നടപടി വലിയ ഞെട്ടലാണ് കേരളത്തിലെ നേതൃ ത്രയങ്ങളില്‍ ഉണ്ടാക്കിയത്.
പാര്‍ട്ടിയില്‍ അവസാന വാക്ക് ഗ്രൂപ്പാണെന്ന പതിവ് തെറ്റിച്ചാണ് തലമുറമാറ്റം എന്ന ആശയം ഹൈക്കമാന്റ് മുന്നോട്ട് വയ്ക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളിയുടെ സ്ഥാന ചലനവും ഏറെക്കുറെ ഉറപ്പായി.
പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പടിയിറങ്ങാനാകും മുല്ലപ്പള്ളിയുടെ ശ്രമം. അങ്ങനെ എങ്കില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍റെ വരവും തള്ളിക്കളയാനാകില്ല.
കെ കരുണാകരന്‍, എ കെ ആന്‍റണി കാലത്ത് തുടങ്ങി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല നേതൃത്വത്തിലൂടെ തുടര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കടക്കലാണ് ഹൈക്കമാന്‍റ് കത്തിവച്ചത്. ഐ ഗ്രൂപ്പ് താവളത്തിലാണെങ്കിലും ഗ്രൂപ്പിനും പാര്‍ട്ടിക്കും അപ്പുറത്തേക്കും വളര്‍ന്നെങ്കിലും വിഡി സതീശന്‍റെ സ്ഥാനം എന്നും രണ്ടാം നിരയിലായിരുന്നു. പറവൂരില്‍ ഓരോ തവണയും ഉയരുന്ന ജനപിന്തുണയും നിയമസഭയിലെ തകര്‍പ്പന്‍ പ്രകടനങ്ങളുമൊന്നും ഒരു പ്രധാന പദവിയിലേക്കും വിഡി സതീശന് തുണയായില്ല.
മന്ത്രിപദവിയും പാര്‍ട്ടി പദവികളും എല്ലാം ഇതുവരെ ഗ്രൂപ്പ് താല്‍പര്യങ്ങളില്‍ തട്ടി അകന്ന് നിന്നു. ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും മറികടന്ന് ഹൈക്കമാന്‍റ് താല്‍പര്യപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയ വി ഡി സതീശന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ നേതാക്കളെ ഒപ്പം നിര്‍ത്തല്‍ തന്നെയാകും.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശന്റെ വരവോടെ തലമുറ മാറ്റത്തിനാണ് കോണ്‍ഗ്രസില്‍ അവസരം ഒരുങ്ങുന്നത് പാരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞതിലൂടെ സ്ഥാനമാറ്റത്തിന് ഒരുക്കമെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രനും നല്‍കുന്നുണ്ട്.
No comments