Breaking News

കോണ്‍ഗ്രസിലെ അസംതൃപ്‌തരായ നേതാക്കൾക്ക് വേണ്ടി വലവീശി ചാക്കോ..?? വരുന്നവര്‍ക്ക്‌ താക്കോല്‍ സ്‌ഥാനം; ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പി.സി.ചാക്കോ..

 


കൊച്ചി : ഇടതുമുന്നണിയുടെ ഭാഗമായ എന്‍.സി.പിയില്‍ പി.സി. ചാക്കോയുടെ വരവോടെ വന്‍ അഴിച്ചുപണിക്കു വഴിയൊരുങ്ങുന്നു. കോണ്‍ഗ്രസിലെ അസംതൃപ്‌തരായ നേതാക്കളെ എന്‍.സി.പിയിലേക്കു കൊണ്ടുവരാനുള്ള കൂടിയാലോചനകള്‍ തുടരുന്നതിനിടെയാണ്‌ പാര്‍ട്ടി പുനഃസംഘടനയ്‌ക്കും പി.സി. ചാക്കോ തയാറെടുക്കുന്നത്‌.


പത്തോളം ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമെന്നു സൂചന. സംസ്‌ഥാന ഭാരവാഹികളിലും മാറ്റം പ്രതീക്ഷിക്കാം. സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തേണ്ട സമയമായതിനാല്‍ പുതിയനീക്കങ്ങള്‍ നേതൃനിരയില്‍ ചലനങ്ങള്‍ സൃഷ്‌ടിക്കും. സംഘടനാ തെരഞ്ഞെടുപ്പിന്‌ മൂന്നുമാസംകൂടി സാവകാശം തേടി മുന്‍ അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേതൃത്വത്തിനു കത്തയച്ചതിനു തൊട്ടുപിന്നാലെയാണ്‌ അദ്ദേഹത്തെ ഒഴിവാക്കി കോണ്‍ഗ്രസില്‍നിന്നു വന്ന പി.സി.ചാക്കോയെ അധ്യക്ഷപദം ഏല്‍പ്പിച്ചത്‌.


പാര്‍ട്ടിയുടെ അറുപതോളം ബ്ലോക്ക്‌ കമ്മിറ്റികളടക്കം പുനഃസംഘടിപ്പിക്കുമെന്നാണ്‌ വിവരം. നേതൃനിരയില്‍ നിഷ്‌ക്രിയരായവരെ മാറ്റും. പുതുതായി പാര്‍ട്ടിയിലേക്കു വരുന്നവര്‍ക്ക്‌ താക്കോല്‍ സ്‌ഥാനങ്ങള്‍ നല്‍കും. കോണ്‍ഗ്രസ്‌ വിട്ട്‌ എത്തുന്ന ലതിക സുഭാഷിന്‌ വൈസ്‌ പ്രസിഡന്റ്‌ പദവിപോലുള്ള പ്രധാന സ്‌ഥാനം നല്‍കിയേക്കും.

ഭരണം ലഭിച്ചതോടെ എന്‍.സി.പിയിലേക്ക്‌ ആകൃഷ്‌ടരായവരില്‍ നഗരസഭാധ്യക്ഷ പദവി വഹിച്ചവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പലരുമുണ്ടെന്നാണ്‌ സൂചന.

കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍നിന്ന്‌ കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയുമെന്ന്‌ എന്‍.സി.പി. നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞതവണ രണ്ട്‌ ബോര്‍ഡ്‌ അധ്യക്ഷ പദവികളാണ്‌ എന്‍.സി.പിക്കുണ്ടായിരുന്നത്‌.

No comments