Breaking News

വിജയിച്ചിട്ടും പഴയ ടീമിനെ അടിമുടി മാറ്റിയ പിണറായിയുടെ നീക്കം തലവേദനയാകുന്നത് ചെന്നിത്തലയ്ക്കുതന്നെ ! ജയിച്ച നേതൃത്വം മാറിയപ്പോള്‍ തോറ്റ നേതൃത്വവും മാറണമെന്ന പൊതുവികാരം വി‍ഡി സതീശന് തുണയാകുമോ ?

 


തിരുവനന്തപുരം: നൂറില്‍ തൊടാന്‍ ഒന്നുമാത്രം കുറവുള്ള വമ്ബന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയിട്ടും പഴയ ടീമിനെ മുഴുവനായി മാറ്റിയ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഉജ്വല തീരുമാനം പ്രതിപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.


പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ വീണ്ടും തെരഞ്ഞെടുക്കാനുള്ള ഗ്രൂപ്പുകളുടെ തീരുമാനത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം.


വന്‍ വിജയം നേടിയവര്‍ ജനങ്ങള്‍ക്ക് മുമ്ബിലേയ്ക്ക് പുതിയ ടീമിനെ ഇറക്കി വീണ്ടും മാറ്റത്തിന്‍റെ സന്ദേശം നല്‍കുമ്ബോള്‍ അമ്ബേ പരാജയം ഏറ്റുവാങ്ങിയവര്‍ക്ക് പഴയ അതേ ടീമിനെ തന്നെ രംഗത്തിറക്കുമ്ബോള്‍ ജനങ്ങളോടും പാര്‍ട്ടിയോടും പറയാന്‍ ന്യായങ്ങള്‍ കണ്ടെത്തേണ്ടിവരും.


ഇത് എഐസിസി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ രണ്ടാമൂഴത്തിന് സാധ്യത മങ്ങുകയാണ്. ഒപ്പം വിഡി സതീശന് പിന്തുണ വര്‍ധിക്കുകയും ചെയ്യും.


ചെന്നിത്തലയും സതീശനും തമ്മിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി മത്സരം. ഐ ഗ്രൂപ്പില്‍ വിഡി സതീശന് 7 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 12 -ല്‍ 5 പേര്‍ മാത്രമാണ് ചെന്നിത്തലയെ പിന്തുണക്കുന്നതെന്നാണ് സൂചന.


അതേസമയം എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയെ പിന്തുണക്കുന്നു. എ ഗ്രൂപ്പില്‍ 3 എംഎല്‍എമാര്‍ക്ക് വിഡി സതീശനോടാണ് താല്‍പര്യം എങ്കിലും അവര്‍ ഗ്രൂപ്പ് തീരുമാനത്തിനെതിര് നില്‍ക്കില്ലെന്നാണ് സൂചന.


അതേസമയം നേതൃമാറ്റമെന്ന നിലപാടില്‍ ഹൈക്കമാന്‍റ് ഉറച്ചുനിന്നാല്‍ വിഡി സതീശനുതന്നെ നറുക്കുവീഴും. അങ്ങനെ വന്നാല്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനും മാറി നില്‍ക്കേണ്ടി വരും.


കേരളത്തിലെ ദയനീയ പരാജയത്തില്‍ ഹൈക്കമാന്‍റിന് കടുത്ത അമര്‍ഷവും നിരാശയുമുണ്ട്. പരാജയത്തിന്‍റെ ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കാത്തതിലും ഹൈക്കമാന്‍റിന് അതൃപ്തിയുണ്ട്.


ഈ സാഹചര്യത്തില്‍ ഗ്രൂപ്പുകളുടെ തീരുമാനം എന്തായാലും ഹൈക്കമാന്‍റ് പ്രവര്‍ത്തക വികാരത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ നേതൃമാറ്റം ഉറപ്പാണ്.


ഹൈക്കമാന്‍റിന്‍റെ നിലപാടും നേതൃമാറ്റത്തിനനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത ഏറും. അതേസമയം ഏറ്റവും മികച്ച പ്രതിപക്ഷ നേതാവെന്ന് ഖ്യാതികേട്ട രമേശ് ചെന്നിത്തലയെ നീക്കാനാകില്ലെന്ന നിലപാട് എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടു വയ്ക്കുമ്ബോള്‍ അതും ദേശീയ നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.


മുതിര്‍ന്ന നേതാക്കളുടെ സംസ്ഥാനമാണ് കേരളം എന്നതാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എഐസിസി നേതൃത്വത്തിന് തലവേദനയായി മാറുന്നത്.

No comments