Breaking News

ഗ്രൂപ്പുകള്‍ക്കൊപ്പം കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളുടെ ആ ''അവസാന വാക്കിനും'' അന്ത്യമായി..!! ഗ്രൂപ്പുകളെ പിണക്കിയാല്‍ കേരളത്തില്‍ പാര്‍ട്ടി തകരുമെന്ന് ആന്‍റണിയുടെ വാദം പൂര്‍ണമായും തള്ളാനും ശനിയാഴ്ച രാവിലെ പ്രഖ്യാപനം നടന്നിരിക്കണമെന്നും അന്ത്യശാസനം നല്‍കിയത് രാഹുല്‍..!! അണികളുടെ വികാരം മാനസിലക്കാൻ..

 


ഡല്‍ഹി: അഡ്വ. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച പ്രഖ്യാപനം വെള്ളിയാഴ്ച നടത്താനിരുന്നത് ഒരു ദിവസം കൂടി വൈകിപ്പിച്ചതിന് പിന്നില്‍ മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്.


മന്ത്രിസഭ അധികാരമേറ്റ് പിറ്റേദിവസം രാവിലെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനായിരുന്നു ഹൈക്കമാന്‍റ് നീക്കം. എന്നാല്‍ കേരളത്തില്‍ ഗ്രൂപ്പുകളെ അവഗണിച്ചുകൊണ്ടുള്ള തീരുമാനം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പറഞ്ഞ് അവസാന നിമിഷം മുതിര്‍ന്ന നേതാവ് എകെ ആന്‍റണി ഇടപെട്ടതോടെ മുകുള്‍ വാസിനിക്ക് ഉള്‍പ്പെടെ പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ ചുമതലയുണ്ടായിരുന്ന നേതാക്കള്‍ക്ക് ആശങ്കയായി. ഗ്രൂപ്പുകളുണ്ടെങ്കിലെ പാര്‍ട്ടി വളരൂ എന്നായിരുന്നു ആന്‍റണിയുടെ തത്വം.


രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനുമായി ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കട്ടെ എന്ന ഫോര്‍മുല മുന്നോട്ടു വച്ചത് ആന്‍റണിയായിരുന്നു. തൊട്ടു തലേന്ന് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, ആന്‍റണന തുടങ്ങിയ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു എന്നത്തെയുംപോലെ അവസാന നിമിഷത്തെ ആന്‍റണിയുടെ ഇടപെടല്‍.


ഇതോടെ പ്രഖ്യാപനം വെള്ളിയാഴ്ച വേണ്ടെന്ന് സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശമെത്തി. അന്ന് രാജീവ് ഗാന്ധിയുടെ ഓര്‍മ്മ ദിവസത്തെ ചടങ്ങുകളായിരുന്നതിനാല്‍ രാഹുല്‍ ഗാന്ധി തുടക്കത്തില്‍ വിവരം അറിഞ്ഞിരുന്നില്ല.


വൈകിട്ട് ആന്‍റണി ഇടപെട്ട കാര്യം രാഹുല്‍ ഗാന്ധിയുടെ ചെവിയിലെത്തിയതോടെ രാഹുല്‍ ക്ഷുഭിതനായി. ശനിയാഴ്ച രാവിലെ തന്നെ പ്രഖ്യാപനം ഉണ്ടാകണമെന്ന അന്ത്യശാസനം രാഹുല്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് നല്‍കി. ആന്‍്റണിയുടെ വാദം അപ്പാടെ അവഗണിക്കാനായിരുന്നു രാഹുലിന്‍റെ നിര്‍ദ്ദേശം.


കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കേരളത്തിലെ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് ആന്‍റണിയുടേതായിരുന്നു. വിഎം സുധീരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ കെപിസിസി പ്രസിഡന്‍റുമാര്‍ ആന്‍റണിയുടെ മാത്രം നോമിനികളായിരുന്നു.


ഹസനും കേരള കോണ്‍ഗ്രസിനെ പുറത്താക്കി യുഡിഎഫിന്‍റെ തകര്‍ച്ചയ്ക്ക് ആദ്യ ആണി അടിച്ച ബെന്നി ബഹനാനും യുഡിഎഫ് കണ്‍വീനര്‍മാരായതും ആന്‍റണി വഴിയായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ 'ഏക പിന്നോക്ക നേതാവായി' അറിയപ്പെടുന്ന കൊടിക്കുന്നില്‍ സുരേഷ് കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റായതും ആന്‍റണിയുടെ ആശിര്‍വാദത്തോടെ തന്നെ.


കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ നേതൃത്വങ്ങളായിരുന്നു അതുവഴി കടന്നുവന്നത്.


എന്തായാലും കോണ്‍ഗ്രസില്‍ ഇനി ആ അവസാന വാക്കിന്‍റെ കാര്യം അവസാനിച്ചുവെന്ന് വ്യക്തം. എ, ഐ ഗ്രൂപ്പുകളുടെ പതനത്തിനൊപ്പം കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് വലിയൊരു കാരണമായി അതും മാറും !

No comments