Breaking News

വായിച്ചും പ്രസംഗിച്ചും വളര്‍ന്ന കോണ്‍ഗ്രസുകാരന്‍..!! രാഷ്‌ട്രീയ സംരക്ഷണം നല്‍കിയ ചെന്നിത്തലയെ തോല്‍പ്പിച്ച്‌ സതീശന്‍ പ്രതിപക്ഷ നേതാവാകുമ്പോള്‍..!! പറവൂരിൽ തോറ്റ് തുടങ്ങി.. ഒടുവിൽ ഇടത് കോട്ട പൊളിച്ചു..

 


തിരുവനന്തപുരം:പരന്ന വായനയും ആഴത്തിലുളള അറിവുമുളള കോണ്‍ഗ്രസുകാരാനാണ് വി.ഡി സതീശന്‍. സാമ്ബത്തിക കാര്യങ്ങളിലും പരിസ്ഥിതി വിഷയങ്ങളിലുമെല്ലാം സൂക്ഷ്‌മവും കണിശതയുമുളള നിലപാട് സ്വീകരിക്കുന്ന അപൂര്‍വ്വം കോണ്‍ഗ്രസുകാരില്‍ ഒരാളാണ് അദ്ദേഹം. കേരളമൊട്ടാകെ ഓടിനടന്ന് പ്രസംഗ മത്സരങ്ങളിലും സംവാദങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം. സതീശന്‍റെ നാവിന്‍റെ മൂര്‍ച്ചയറിഞ്ഞ എതിരാളികളുടെ പട്ടിക വി.എസ് അച്യുതാനന്ദന്‍ മുതല്‍ ഐസക്കും സ്വരാജും വരെ നീളും.


പാര്‍ട്ടിയിലെ തെറ്റുകള്‍ക്കെതിരെ നിരന്തരം കലഹിക്കുന്ന സതീശന്‍ അടിമുടി മതേതരവാദിയാണ്.


മികച്ച എം.എല്‍.എ ആയി തിളങ്ങുമ്ബോഴും വലിയ സ്ഥാനമാനങ്ങളൊന്നും സതീശനെ തേടിവന്നിരുന്നില്ല. 2011ല്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചവരില്‍ ഒരാളായിരുന്നു സതീശന്‍. എന്നാല്‍ വീതംവയ്‌പ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നു. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കും ഒരു ഘട്ടത്തില്‍ സതീശനെ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ സുധീരനെ അദ്ധ്യക്ഷനാക്കി കൊണ്ടുളള തീരുമാനത്തിന് മുന്നില്‍ അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നു.


വമ്ബന്‍ പരാജയത്തിനു പിന്നാലെ ഗ്രൂപ്പുവ്യത്യാസങ്ങള്‍ മറന്ന് സതീശനായി മുറവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലുളള നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വിശ്വാസമാണ്.


രാഷ്ട്രീയ ശൈശവം മുതല്‍ സംരക്ഷണമൊരുക്കിയ ഗ്രൂപ്പ് നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ് സതീശനെ പാര്‍ട്ടി നേതൃത്വം പുതിയ ചുമതലയേല്‍പ്പിക്കുന്നത്. കൂടുതല്‍ കരുത്തനായ പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാളയത്തിലെ പടയെ കൂടി പ്രതിരോധിക്കാനാവുന്നിടത്താകും വി.ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്‍റെ വിജയം.


1996ല്‍ വടക്കന്‍ പറവൂരില്‍ തോറ്റു കൊണ്ടായിരുന്നു സതീശന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ തുടക്കം. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്‍റെ പര്യായമായി സതീശന്‍ മാറുകയായിരുന്നു. പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പടെ പല പ്രമുഖരേയും നിര്‍ത്തി സതീശന്‍റെ തേരോട്ടം തടയാന്‍ എല്‍.ഡി.എഫ് ശ്രമിച്ചെങ്കിലും സതീശനോട് പറവൂരുകാര്‍ക്കുളള സ്‌നേഹത്തിന് മുന്നില്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.


കൃത്യമായ ഹോംവര്‍ക്കിലൂടെ വ്യക്തമായ ചോദ്യങ്ങളുന്നയിക്കുന്ന, മികച്ച നിയമസഭാ സാമാജികനെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുന്ന നേതാവായി മാറാന്‍ ചുരുങ്ങിയകാലം മാത്രം സതീശന് മതിയായിരുന്നു. 2010ലെ ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലോടെയാണ് വി.ഡി സതീശന്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുന്നത്. ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി നേര്‍ക്കു നേര്‍ കൊമ്ബു കോര്‍ത്തു. സാന്‍റിയാഗോ മാര്‍ട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച്‌ അദ്ദേഹം ഭരണകക്ഷിയ്ക്കെതിരേ ആഞ്ഞടിച്ചു.


മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍റെ പക്ഷത്തുള്ള തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള പ്രബല വിഭാഗം ഇതിനെ എതിര്‍ക്കുന്നതിലും വരെയെത്തി കാര്യങ്ങള്‍. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശന്‍ തന്നെയാണ്. ഒടുവില്‍ സതീശന്‍ പ്രതിപക്ഷ നേതാവായി നിയമസഭയിലേക്ക് എത്തുമ്ബോള്‍ ഗ്രൂപ്പ് തലവന്മാരായ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്‍റെ പിന്നില്‍ സഭയിലുണ്ടാകുമെന്നത് മറ്റൊരു കൗതുകം.

No comments