Breaking News

ബി ജെ പി മാത്രമല്ല കാരണം, തങ്ങളുടെ ഒരേയൊരു മന്ത്രി മാത്രം തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചതിന്റെ കാരണം കണ്ടെത്തി പാര്‍ട്ടി..

 


കൊല്ലം : തുടര്‍ഭരണത്തിന്റെ സന്തോഷത്തിലും ഇടത് പക്ഷത്ത് നിരാശ പടര്‍ത്തിയത് കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മയുടേയും തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെയും തോല്‍വിയായിരുന്നു. ഇതില്‍ മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി പാര്‍ട്ടിക്ക് ഏറെ ആഘാതമാണ് നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ തോല്‍വി സംഭവിച്ചത് മേഴ്സിക്കുട്ടിയമ്മയ്ക്ക് മാത്രമായിരുന്നു എന്നതാണ് കാരണം. അതിനാല്‍ തന്നെ ഈ തോല്‍വിയെ കുറിച്ച്‌ ഗൗരവമായി പഠിക്കാന്‍ സി പി എം തീരുമാനിച്ചിരുന്നു.


തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍, ബി ജെ പി വോട്ടുകള്‍ വന്‍ തോതില്‍ യു എഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാജയ കാരണം എന്നാണ് പാര്‍ട്ടി അനുയായികള്‍ പ്രചരിപ്പിച്ചത്.


ഇതു കൂടാതെ വോട്ടെടുപ്പിന് തൊട്ട് മുന്‍പായി പ്രതിപക്ഷം കൊണ്ടുവന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെയുയര്‍ന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് വിധി നിര്‍ണയിച്ചു എന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി നടത്തിയ വിശകലനത്തില്‍ സ്വന്തം വോട്ട് ബാങ്കില്‍ നിന്നും വലിയ ചോര്‍ച്ച സംഭവിച്ചു എന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ തവണത്തെക്കാള്‍ 7140 വോട്ടാണ് കുറഞ്ഞതിന് എന്ത് ന്യായം ബോധിപ്പിക്കുമെന്ന ആശങ്കയിലാണ് താഴെതട്ടിലെ നേതാക്കള്‍.


മറ്റ് മന്ത്രിമാരെല്ലാം ജയിക്കുകയും ചെയ്തപ്പോള്‍ മേഴ്സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. കുണ്ടറയില്‍ എന്‍ എസ് എസ് തുടക്കം മുതല്‍ എല്‍ ഡി എ ഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ പരസ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ദുര്‍ബലമായി കണ്ട പല ഘടകങ്ങളും വോട്ടെടുപ്പില്‍ ശക്തമായി പ്രതിഫലിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.


2016 ലെ തിരഞ്ഞെടുപ്പില്‍ ചുവപ്പ് പുതച്ച കൊല്ലത്ത് നിന്നും കുണ്ടറയിലും കരുനാഗപ്പള്ളിയിലുമായി ഇക്കുറി രണ്ട് മണ്ഡലങ്ങളാണ് എല്‍ ഡി എഫിന് കൈമോശം വന്നിരിക്കുന്നത്.

No comments