Breaking News

കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ മുരളീധരനും കെ സുധാകരനും പരിഗണനയില്‍..!! വിടി ബല്‍റാം, ശബരീനാഥ്, ഷാഫി പറമ്ബില്‍ ടീമിനെ വര്‍ക്കിംങ്ങ് പ്രസിഡന്‍റായി പരിഗണിക്കണമെന്നും ആവശ്യം..!! യുഡിഎഫ് കണ്‍വീനർ ഈ നേതാവ്..!!

 


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി അടുത്ത ഊഴം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനുമാണ്. ഇരുവര്‍ക്കും ഇനി അവരുടെ പദവികളിലുള്ളത് എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം. പുതിയ കെപിസിസി പ്രസിഡന്‍റിനെയും യുഡിഎഫ് കണ്‍വീനറെയും നിശ്ചയിക്കാന്‍ അശോക് ചവാന്‍ അധ്യക്ഷനായ എഐസിസി സംഘം അടുത്തയാഴ്ച കേരളത്തിലെത്തും.


കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകള്‍ക്കാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍ഗണന. ഭൂരിപക്ഷ സമുദായ സമവാക്യങ്ങള്‍ പരിഗണിച്ചാല്‍ കെ സുധാകരന് നറുക്ക് വീഴും. പക്ഷേ പ്രായം അദ്ദേഹത്തിന് തടസമാകുമോ എന്ന് കണ്ടറിയണം.


സതീശനും മുരളീധരനും സമുദായ സംഘടനകളുടെ നോമിനികളല്ലാത്തതിനാല്‍ ഇരുവരും ഒരേ സമുദായക്കാരാണെന്നത് പാര്‍ട്ടി ന്യൂനതയായി പരിഗണിച്ചേക്കില്ല.


 


യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് പിടി തോമസിനാണ് മുന്‍ഗണന. കെപിസിസി പ്രസിഡന്‍റായി പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ മുരളീധരന്‍ തന്നെ യുഡിഎഫ് കണ്‍വീനറാകും. ഗ്രൂപ്പുകളുടെ ശല്യം കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ അവരുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടി കൊണ്ടുവന്ന നായര്‍-ഈഴവ-മുസ്ലീം-ക്രിസ്ത്യന്‍ ഫോര്‍മുലകളൊന്നും വീണ്ടും ചര്‍ച്ചചെയ്യാനിടയില്ല.


മറ്റൊന്ന് വര്‍ക്കിംങ്ങ് പ്രസിഡന്‍റ് പദവിയാണ്. നിലവിലെ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള മൂവര്‍ സംഘത്തെ മാറ്റി, വിടി ബല്‍റാം, കെഎസ് ശബരീനാഥന്‍, ഷാഫി പറമ്ബില്‍ ടീമിനെ വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരാക്കണമെന്നതാണ് യുവനിര മുന്നോട്ടു വയ്ക്കുന്ന പുതിയ ഫോര്‍മുല.


 


പാര്‍ട്ടിയെ ഊര്‍ജസ്വലമായി മുന്നോട്ടു നയിക്കാന്‍ യുവനിര തലപ്പത്ത് വരണമെന്ന നിര്‍ദ്ദേശമാണ് ഭൂരിപക്ഷം നിര്‍ദ്ദേശിക്കുന്നത്. 35 വയസില്‍ താഴെയുള്ളവരെ മാത്രമാക്കി യൂത്ത് കോണ്‍ഗ്രസ് പുനസംഘടിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. പാര്‍ട്ടിയിലേയ്ക്ക് ശക്തമായ യുവനിരയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇതു മാത്രമാണ് മാര്‍ഗമത്രെ.


എന്തായാലും മുല്ലപ്പള്ളി രാമചന്ദ്രന്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. പകരക്കാരനെ കണ്ടെത്തി കഴിഞ്ഞാല്‍ അദ്ദേഹം ചുമതല കൈമാറാന്‍ റെഡി.


പുതിയ നേതൃത്വത്തെ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എഐസിസി നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി സംസ്ഥാനം സന്ദര്‍ശിച്ച ശേഷമാകും നേതൃമാറ്റം സംബന്ധിച്ച തീരുമാനം ഉണ്ടാകുക.


വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചശേഷമുള്ള പ്രവര്‍ത്തകരുടെ പ്രതികരണം കൂടി പരിഗണിച്ചശേഷമാകും തുടര്‍ നടപടികളിലേയ്ക്ക് നേതൃത്വം പ്രവേശിക്കുകയുള്ളു.


NB: അതിനിടെ കെപിസിസി അധ്യക്ഷ പദവിക്കായി മുല്ലപ്പള്ളിയേക്കാള്‍ മോശം എന്നു പേരുകേട്ട ചിലര്‍ സീനിയോറിറ്റി/പിന്നോക്ക വിഭാഗവുമായി രംഗപ്രവേശം ചെയ്തതായാണ് അകത്തുള്ള വര്‍ത്തമാനം.

No comments