കേരളത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെങ്കില്‍ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനേക്കാള്‍ ഗുരുതരമായിരിക്കും, കാരണം വ്യക്തമാക്കി തമിഴ്നാട് ധനമന്ത്രി..
തിരുവനന്തപുരം: കേരളത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെങ്കില്‍ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്ന് തമിഴ്നാട് ധനമന്ത്രി പഴനിവേല്‍ ത്യാഗരാജന്‍. തങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാള്‍ വലുതായതാണ് ഇതിന് കാരണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്. കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതല്‍ വലിയ പ്രശ്നം. കടം കുറയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണെന്നും അദ്ദേഹം ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിനോട് പറഞ്ഞു.
കിഫ്ബിപോലുളള പദ്ധതികളും മസാലബോണ്ടുകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പഴനിവേല്‍ അഭിപ്രായപ്പെട്ടു.
കിഫ്ബിപോലുളള ഏജന്‍സികള്‍ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറാം. സര്‍ക്കാരിന് പുറത്തുളള ഒരു ഏജന്‍സിയുടെ പ്രവര്‍ത്തനം എത്രമാത്രം സര്‍ക്കാരിന് മോണിറ്റര്‍ ചെയ്യാനാകുമെന്നതാണ് ഒരു പ്രശ്നം. മസാലബോണുണ്ടുകള്‍ തന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകര്‍ഷണീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളെന്നനിലയില്‍ മസാലബോണ്ടുകളുടെ സങ്കീര്‍ണതകള്‍ തനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് ഈ ബോണ്ടുകള്‍ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കന്‍ഡറി മാര്‍ക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാന്‍ഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ലെന്നും പഴനിവേല്‍ വ്യക്തമാക്കി.
ധനസമാഹരണത്തിന് തങ്ങള്‍ക്ക് മറ്റുവഴികളുണ്ട്. ചിലപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റും പണം കണ്ടെത്താനാവും. സമ്ബദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വില്‍പ്പനകള്‍. അല്ലാതെ കടംവാങ്ങി സബ്സിഡിനല്‍കുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മള്‍ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments