Breaking News

ആ ഘട്ടം എത്തുമ്ബോഴേക്കും സമയം തീരും.., രണ്ടര വര്‍ഷത്തേക്ക് മാത്രമായി മന്ത്രി സ്ഥാനം സ്വീകരിക്കണമോ എന്ന സംശയത്തില്‍ ഗണേശും പാര്‍ട്ടിയും..

 


തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ സി.പി.എം നിര്‍ദ്ദേശം. ഇതനുസരിച്ച്‌ കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനമില്ല. ഇന്നു രാവിലെ ചേരുന്ന ഇടതുമുന്നണി യോഗത്തോടെ മന്ത്രിസഭാ ഘടനയ്ക്ക് അന്തിമചിത്രമാകും. സി.പി.ഐ കൈയൊഴിയുന്ന ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കാം.


മന്ത്രിസ്ഥാനം ലഭിച്ച ഘടകകക്ഷികളില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍. എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ മന്ത്രിമാരാകും.


കെ.ബി. ഗണേശ് കുമാര്‍ (കേരള കോണ്‍. ബി) മന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും, രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണോ എന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ട്. വകുപ്പിനെക്കുറിച്ച്‌ പഠിച്ചുവരുമ്ബോഴേക്ക് സമയം തീരുമെന്നാണ് ഗണേശിന്റെ നിലപാട്. അന്തിമനിലപാട് ഇന്നത്തെ മുന്നണി യോഗത്തില്‍ അറിയിക്കും.


രണ്ട് അംഗങ്ങളുള്ള ജനതാദള്‍ എസുമായി എല്‍.ജെ.ഡി ലയിക്കണമെന്ന നിര്‍ദ്ദേശമാണ് നേരത്തേ മുതല്‍ സി.പി.എം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമായി ഒരു വകുപ്പ് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് എല്‍.ജെ.ഡി നേതാക്കളെ സി.പി.എം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എല്‍.ജെ.ഡിയിലെ വികാരം. എന്നാല്‍ മുന്നണി വിടില്ല.


രണ്ടു കൂട്ടര്‍ക്കുമായി മൂന്ന് അംഗങ്ങളുള്ളതിനാല്‍ ഒരു മന്ത്രിസ്ഥാനമെന്നാണ് ജെ.ഡി.എസിനോടും വ്യക്തമാക്കിയത്. ലയനകാര്യം സി.പി.എം വീണ്ടും സൂചിപ്പിച്ചപ്പോള്‍, തങ്ങള്‍ മുന്‍കൈയെടുത്തിട്ടും അവരാണ് വഴങ്ങാതിരുന്നത് എന്ന് ജെ.ഡി.എസ് നേതാക്കള്‍ പ്രതികരിച്ചു. രണ്ട് അംഗങ്ങളുള്ള അവര്‍ക്ക് ഒരു മന്ത്രിയെന്നതാണ് തത്വത്തിലുള്ള ധാരണ. വിട്ടുകൊടുക്കാനില്ല.


നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐക്കും, 12 മന്ത്രിമാരും സ്പീക്കറും സി.പി.എമ്മിനും എന്ന ധാരണ അന്തിമമാക്കി. കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഒന്നേയുള്ളൂവെന്ന് സി.പി.എം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ചീഫ് വിപ്പ് പദവിയെപ്പറ്റി ഔപചാരിക ചര്‍ച്ചയുണ്ടായില്ല.


കൃഷി, പൊതുമരാമത്ത്, ഭവനനിര്‍മ്മാണം, റവന്യു വകുപ്പുകളിലൊന്ന് കേരള കോണ്‍ഗ്രസ് എം ആഗ്രഹിക്കുന്നുണ്ട്. കൃഷിയും ഭവനനിര്‍മ്മാണവും റവന്യുവും ഇപ്പോള്‍ സി.പി.ഐയുടെ കൈയിലാണ്. അവര്‍ വിട്ടുകൊടുക്കാനിടയില്ല. എന്നാല്‍, വകുപ്പുവിഭജന വിഷയം ഉഭയകക്ഷി ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടില്ല. അക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണെന്നാണ് വിശദീകരണം

No comments