Breaking News

കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതിയെന്ന വാര്‍ത്തയുണ്ടാക്കിയത് കോണ്‍ഗ്രസ് നേതാവ്..!! ലക്ഷ്യം പിസിസി അധ്യക്ഷ സ്ഥാനം..!! കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ചരടുവലി ശക്തമാക്കി ഒരു പിന്തുണയുമില്ലാത്ത ചില നേതാക്കള്‍ രംഗത്ത്..

 


തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെതിരെ എഐസിസിക്ക് പരാതിയെന്ന് പ്രചരിപ്പിച്ചത് മറ്റൊരു സ്ഥാനമോഹിയായ നേതാവ്. തന്റെ ചില അനുയായകളെകൊണ്ട് കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി ചില മെയിലുകള്‍ അയപ്പിച്ച ശേഷം ഇതു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയാണ് ഇയാള്‍ വാര്‍ത്ത വരുത്തിയത്. സംഭവം വിവാദമായിട്ടുണ്ട്.


ഇന്നു രാവിലെയാണ് ചില പ്രമുഖ ചാനലുകളില്‍ കെ സുധാകരനെതിരെ പരാതി പ്രവാഹം എന്നു പറഞ്ഞ് ബ്രേക്കിങ് ന്യൂസ് വന്നത്. കെ സുധാകരന്റെ ഭാഷയടക്കമുള്ള കാര്യങ്ങള്‍ ശരിയല്ലെന്നും പാര്‍ട്ടി അധ്യക്ഷനാക്കരുതെന്നും ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു എന്നായിരുന്നു വാര്‍ത്ത.


എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞതോടെയാണ് പിന്നില്‍ മറ്റൊരു നേതാവ് ആണെന്നു വ്യക്തമായത്.


കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് താനും അര്‍ഹനാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായി ഇയാള്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ തുടര്‍നീക്കമായിരുന്നു ചാനലുകളിലെ ബ്രേക്കിങ് ന്യൂസ്.


തനിക്ക് ഏറെ അടുപ്പമുള്ള തിരുവനന്തപുരത്തെ ഒരു പ്രമുഖ റിപ്പോര്‍ട്ടറെ വിളിച്ചാണ് നേതാവ് വാര്‍ത്ത നല്‍കിയത്. വാര്‍ത്ത പരമാവധി ചാനലുകളില്‍ വരണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായി പരാതി മെയിലില്‍ അയച്ചതിന്റെ തെളിവുകളും നല്‍കി.


തുടര്‍ന്ന് മറ്റു ചില മാധ്യമ പ്രവര്‍ത്തകരെയും ഇദ്ദേഹം വിളിച്ചു. ആയിരക്കണക്കിന് പരാതിയാണ് കെ സുധാകരനെതിരെ ലഭിച്ചതെന്ന് ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പലരും വാര്‍ത്ത ഏറ്റെടുത്തത്.


എന്നാല്‍ തന്റെ ചില ഇഷ്ടക്കാര്‍ക്ക് മെയില്‍ അയക്കാനുള്ള ടെക്സ്റ്റും അഡ്രസും നല്‍കി ഇദ്ദേഹം തന്നെയാണ് പരാതി അയച്ചത്. ഏതെങ്കിലും വിധത്തില്‍ ഒരു ഒത്തുതീര്‍പ്പ് പ്രസിഡന്റായെങ്കിലും തനിക്ക് ഇത്തവണ പിസിസി അധ്യക്ഷന്റെ കസേര വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.


അതേസമയം ഒരു ജനപിന്തുണയുമില്ലാത്ത ഈ നേതാവിനെ ആരും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

No comments