Breaking News

'43 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടി ഇങ്ങനെ ചോദിച്ചിട്ടില്ല, സിപിഐഎമ്മിന്റേത് മാന്യമായ സമീപനം'; ഒഡെപെക്ക് ചെയര്‍മാന്‍ പദവിയിൽ അനില്‍ കുമാർ..

 


കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വരുമ്ബോള്‍ ആന്മാഭിമാനത്തോട് കൂടി പൊതുപ്രവര്‍ത്തനം നടത്തണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്ന് അഡ്വ.കെ പി അനില്‍കുമാര്‍. പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ ചെയര്‍മാനായി ചുമതലയേറ്റ ശേഷം പ്രതികരിക്കുകയായിരുന്നു അനില്‍കുമാര്‍. പാര്‍ട്ടിയും സര്‍ക്കാരും തന്നെ വിശ്വസിച്ച്‌ ഏല്‍പ്പിച്ച ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ചുമതലയും സ്ഥാനവും ഏല്‍പിച്ചത് പാര്‍ട്ടിയാണ്. 43 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടി ഇങ്ങനെ ചോദിച്ചിട്ടില്ല. മാന്യമായ സമീപനമാണ് സിപിഐഎം നടത്തിയതെന്നും അനില്‍കുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കാണ് ഒഡെപെക്ക് ചെയര്‍മാനായി അനില്‍ കുമാര്‍ ചുമതലയേറ്റടുത്തത്.

കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനെ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് പാര്‍ട്ടി ആദ്യ ചുമതല നല്‍കിയിരിന്നത്. എളമരം കരിം, ടി പി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പമാണ് അനില്‍കുമാര്‍ ചുമതല പങ്കിടുന്നത്. ജനുവരി 10 മുതല്‍ 12 വരെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം.

അതേസമയം, കോണ്‍ഗ്രസ് വിട്ടെത്തിയ കെപി അനില്‍കുമാറിനും പി എസ് പ്രശാന്തിനും ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ സിപിഐഎം നല്‍കിയേക്കില്ല എന്നാണ് സൂചന. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കണമെങ്കില്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. അതേസമയം, പാര്‍ട്ടിയില്‍ എത്തിയവരെ വര്‍ഗ്ഗ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് സിപിഐഎം തീരുമാനം.

കോണ്‍ഗ്രസ് വിട്ട്‌സിപിഐഎമ്മിലേക്ക് എത്തിയവര്‍ക്ക് കുറച്ചുനാള്‍ നിരീക്ഷണ കാലമായിരിക്കും. പാര്‍ട്ടി അംഗത്വം ഇവര്‍ക്ക് നേരിട്ട് നല്‍കാന്‍ സിപിഐഎം ഭരണഘടനയനുസരിച്ച്‌ കഴിയില്ല. അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. അതുകൊണ്ടുതന്നെ കെ പി അനില്‍കുമാറും പി എസ് പ്രശാന്തും സിപിഐഎം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കില്ല. അത്തരം പദവികളില്‍ താത്പര്യമില്ലെന്ന്‌ഇരു നേതാക്കളും സിപിഐഎമ്മിനെ അറിയിച്ചിട്ടുമുണ്ട്.

No comments