വേദനിച്ചത് വര്‍ഗീസിനല്ല, മേയര്‍ക്കാണ്; സല്യൂട്ട് ചോദിച്ചതിലും ഇറങ്ങി പോയതിലും എന്താണ് തെറ്റ് ; ''വിവാദ മേയറു"ടെ പ്രതികരണം ഇങ്ങനെ..
പൊലീസുകാരോട് സല്യൂട്ട് ചോദിച്ചതോടെയായിരുന്നു തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്.
അതൊന്ന് കെട്ടടങ്ങിയപ്പോഴേക്കും സ്കൂളിലെ പരിപാടിയുടെ ഫ്ലക്‌സില്‍ തന്റെ ചിത്രം ചെറുതായി പോയി എന്നതായി അടുത്ത പ്രശ്‌നം. എന്നാല്‍, താനല്ല, ആര് മേയറായാലും ഇങ്ങനെ കണ്ടാല്‍ വേദനിക്കുമെന്നും മേയര്‍ പദവിയെ ആര് താഴ്‌ത്തി കെട്ടാന്‍ ശ്രമിച്ചാലും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. തുടരെ തുടരെയുണ്ടാകുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' മേയറുടെ പടം ചെറുതാക്കിയപ്പോള്‍ എം.കെ.വര്‍ഗീസിനു വേദനിച്ചില്ല. പക്ഷേ, മേയര്‍ക്കു വേദനിച്ചു. കോര്‍പറേഷന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ മേയര്‍ മുഖ്യാതിഥിയും ഉദ്ഘാടകനും അദ്ധ്യക്ഷനും പുറത്തുനിന്നുള്ളവരുമാകുമ്ബോള്‍ മേയര്‍ക്കു വേദനിക്കും. ഏറ്റവും അവസാനം ചെറുതാക്കി മേയറുടെ ഫോട്ടോ കൊടുത്തിരിക്കുന്നു.
എം.കെ.വര്‍ഗീസിന് ഇതു പ്രശ്‌നമല്ല. മേയര്‍ക്കു പ്രശ്നമാണ്. മേയര്‍ പദവിയെ താഴ്‌ത്തിക്കെട്ടാന്‍ ആരു ശ്രമിച്ചാലും ഞാനീ കസേരയിലുള്ളിടത്തോളം കാലം എതിര്‍ക്കും. ഞാനല്ല ആരു മേയറായാലും അപമാനിക്കാന്‍ പാടില്ല." പൊലീസ് സല്യൂട്ടടിക്കാത്തതിന്റെ പേരിലുണ്ടായ വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
'എനിക്കു തന്ന പ്രോട്ടോക്കോള്‍ നിയമത്തില്‍ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡെപ്യൂട്ടി സ്‌പീക്കറുടെ താഴെയാണ്. അത് എംപിയ്‌ക്കും എംഎല്‍എയ്‌ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാന്‍ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാന്‍ അധികാരമില്ലേ? ഞാന്‍ രേഖാമൂലം ചോദിച്ചതിന് ഒരു വര്‍ഷമായിട്ടും ഡിജിപി മറുപടി നല്‍കിയിട്ടില്ല.
അവര്‍ പറയട്ടെ മേയര്‍മാര്‍ക്കു സല്യൂട്ടില്ലെന്ന്. ആ സമയത്തുണ്ട്, ഈ സമയത്തില്ല എന്നൊന്നും പറഞ്ഞാല്‍ പോരാ. എം.കെ.വര്‍ഗീസിനു സല്യൂട്ടിനു വേണ്ടി ചോദിച്ചതല്ല. മേയര്‍മാര്‍ക്കു വേണ്ടി ചോദിച്ചതാണ്. കേരളത്തിലെ മുഖ്യമന്ത്രി മേയറുടെ ഏതു കത്തിനും ഏഴ് ദിവസത്തിനകം മറുപടി നല്‍കും. മറുപടി കിട്ടി എന്നുറപ്പു വരുത്തുകയും ചെയ്യും. പൊലീസിന് ഈ മര്യാദ പാലിക്കേണ്ട എന്നുണ്ടോ?"
No comments