Breaking News

'വാക്ക് പാലിക്കുന്നു' ; പനാജിയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച്‌ പരീക്കറുടെ മകനെ പിന്തുണച്ച്‌ ശിവസേന..

 


ബി.ജെ.പിയില്‍ നിന്ന് തഴയപ്പെട്ട് ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പനാജിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറിനെ പിന്തുണച്ച്‌ ശിവസേന

പനാജിയിലെ സ്ഥാനാര്‍ഥിയെ ശിവസേന പിന്‍വലിച്ചു.

പനാജിയില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ ഉത്പല്‍ പരീക്കറെ പിന്തുണയ്ക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് നേരത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു.

'ഞങ്ങള്‍ വാക്ക് പാലിക്കുന്നു. ശിവസേന സ്ഥാനാര്‍ഥിയായ ശൈലേന്ദ്ര വെലിങ്കറിനെ പനജിയില്‍ പിന്‍വലിക്കുന്നു. കൂടാതെ, ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഉത്പല്‍ പരീക്കറിനെ പൂര്‍ണമായും പിന്തുണയ്ക്കും. പനജിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഗോവയുടെ ശുദ്ധീകരണത്തിന് കൂടിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'- മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയെ ടാഗ് ചെയ്തുകൊണ്ട് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

പനാജി നിയമസഭാ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് ബിജെപി ഒഴിവാക്കിയതിനു പിന്നാലെയാണ് ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബി.ജെ.പിയില്‍ നിന്നും രാജിവച്ചത്. 2019 ല്‍ കോണ്‍ഗ്രസില്‍നിന്നെത്തിയ അതനാസിയോ ബാബുഷ് മൊണ്‍സെരാറ്റെയ്ക്കാണ് ബിജെപി പനാജിയില്‍ സീറ്റ് നല്‍കിയിരിക്കുന്നത്.

No comments