ഉത്തരാഖണ്ഡില്‍ ധാമി-റാവത്ത് പോര്..!! മുൻതൂക്കം കോൺഗ്രസിന് തന്നെ.. ഹരീഷ് റാവത്തിൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ ബിജെപി പതറുന്നു..
ജീവന്മരണ പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡില്‍. രണ്ട് നേതാക്കളാണ് അത് മുന്നില്‍ നിന്ന് നയിക്കുന്നത്.
തോല്‍ക്കുന്നയാള്‍ക്ക് ഭാവി രാഷ്ട്രീയം കഠിന പരീക്ഷണമാകും എന്നതാണ് മത്സരത്തെ നിര്‍ണായകമാക്കുന്നത്. ഇതില്‍ ആദ്യത്തെയാള്‍ യുവരക്തം. ഉത്തരാഖണ്ഡിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമി. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഇഷ്ടക്കാരന്. വെറും ആറുമാസം മുമ്ബ് അധികാരത്തില്‍ വന്നിട്ടും ഭരണത്തില്‍ മികച്ച റെക്കോഡിട്ടുവെന്ന് കേന്ദ്രത്തെക്കൊണ്ട് പറയിപ്പിച്ചയാള്. മറുവശത്ത് കോണ്‍ഗ്രസിന്റെ പടക്കുതിരയും സംസ്ഥാന രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവുമായ ഹരീഷ് റാവത്ത്. മുഖ്യമന്ത്രിയായിരിക്കെ 2017ല്‍ രണ്ടിടത്ത് മത്സരിച്ച്, രണ്ടിലും തോറ്റെങ്കിലും പാര്‍ട്ടിക്ക് ഇവിടെ പകരക്കാരനില്ല. എന്ത് വന്നാലും ഭരണം തിരിച്ചുപിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി ഉത്തരാഖണ്ഡിലും കൂമ്ബടയുമെന്ന വലിയ ആശങ്കയും പാര്‍ട്ടിയെ അലട്ടുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി അധികാരത്തില്‍ വരുന്ന സംസ്ഥാനമെന്ന പ്രത്യേകത ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാരെ കൊണ്ടുവരേണ്ടി വന്നുവെന്നതാണ് റാവത്ത് ബി.ജെ.പിയുടെ പരാജയമായി ഉയര്‍ത്തിക്കാട്ടുന്നത്.
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഭുവന് ചന്ദ്ര കാപ്രിയാണ് ഇത്തവണയും ധാമിയുടെ എതിരാളി. 2017ലെ തെരഞ്ഞെടുപ്പില്‍ ഖാതിമ മണ്ഡലത്തില്‍ 2709 വോട്ടിനാണ് ധാമി കാപ്രിയെ പരാജയപ്പെടുത്തിയത്. 2012ല്‍ കോണ്‍ഗ്രസിലെ ദേവേന്ദ്ര ചാന്ദിനെയാണ് 5000ത്തിലേറെ വോട്ടിന് ധാമി തോല്പിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ എസ്.എസ്. കാലറും ഇത്തവണ ഖാതിമയില്‍ രംഗത്തുണ്ടെന്നത് മണ്ഡലത്തിന്റെ മത്സര സ്വഭാവം തന്നെ മാറ്റിയിട്ടുണ്ട്. സിഖുകാരും കര്‍ഷകരും ഏറെയുള്ള മണ്ഡലം ഇത്തവണ ധാമിക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. അതിനേക്കാള്‍ ഉപരിയായി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും അധികാരത്തിലിരുന്നതിന് തൊട്ടുപിന്നാലെ മത്സരിച്ച് ജയിച്ചിട്ടില്ലെന്നതും പ്രതികൂല ഘടകമാണ്.
No comments