Breaking News

കോണ്‍ഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിച്ച ഇഡി ജോയിന്റ് ഡയറക്ടറെ അങ്കക്കളത്തിലിറക്കാനൊരുങ്ങി ബിജെപി.. മത്സരിക്കുന്നത്..

 


സര്‍വിസില്‍ നിന്ന് സ്വയം വിരമിച്ച എന്‍​ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും.

സരോജിനി നഗറില്‍നിന്നാണ് രാജേശ്വര്‍ സിങ് മത്സരിക്കുക.

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സ്വാതി സിങ്ങിന്റെ മണ്ഡലത്തിലാണ് രാജേശ്വര്‍ സിങ് മത്സരിക്കുക. രാജേശ്വര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു.

ഐ.പി.എസ് ഓഫിസറും ഇ.ഡി ഉദ്യോഗസ്ഥനുമായിരുന്ന രാജേശ്വര്‍ സിങ്ങിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച അംഗീകരിച്ചിരുന്നു. 24 വര്‍ഷത്തോളം യു.പി പൊലീസിന്റെയും ഇ.ഡിയുടെയും ഭാഗമായിരുന്നു രാജേശ്വര്‍ സിങ്. യു.പി സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ദേശീയ ശ്രദ്ധ നേടിയ നിരവധി അഴിമതികളുടെ അന്വേഷണത്തിന് രാ​ജേശ്വര്‍ നേതൃത്വം നല്‍കിയിരുന്നു. 2ജി സ്‍പെക്‌ട്രം, അഗസ്ത വെസ്റ്റ്ലാന്‍ഡ്, എയര്‍സെല്‍ മാക്സിസ്, അമ്രപാലി തുടങ്ങിയ അഴിമതികളുടെ അ​ന്വേഷണ ചുമതല രാജേശ്വറിനായിരുന്നു.

രാജേശ്വര്‍ സിങ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയെയും ഇ.ഡിയെയും പരിഹസിച്ച്‌ കാര്‍ത്തി ചിദംബരം രംഗത്തെത്തി. ബി.ജെ.പിയില്‍ ചേരുന്നതിനായി ഇ.ഡി.യില്‍നിന്ന് വി.ആര്‍.എസ് എടുക്കുന്നത് പൂര്‍ണ ഉടമസ്ഥതയുള്ള ഉപസ്ഥാപനത്തില്‍നിന്ന് മാത്യസ്ഥാപനത്തിലേക്ക് മാറുന്നതിന് തുല്യമാണെന്നായിരുന്നു പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ എയ​ര്‍സെല്‍ -മാക്സിസ് ഡീല്‍ കേസ് അന്വേഷിച്ചിരുന്നത് രാജേശ്വര്‍ സിങ്ങായിരുന്നു.

സര്‍വിസില്‍നിന്ന് വി.ആര്‍.എസ് എടുത്തതിന് പിന്നാലെ രാജേശ്വര്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇ.ഡി ഡയറക്ടര്‍ എസ്.കെ. മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു. മോദിയും അമിത് ഷായും യോഗിയും ജെ.പി. നഡ്ഡയും ഇന്ത്യയെ ലോകശക്തിയാക്കാന്‍ പ്രയത്നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജേശ്വര്‍ പറഞ്ഞു.

No comments